

ഫസൽ
കൊച്ചി: തലശേരി ഫസൽ വധക്കേസിലെ നിർണായക തൊണ്ടിമുതൽ കാണാതായി. രക്തം പുരണ്ട തുവാലയാണ് കാണാതായത്. എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ നിന്ന് തൊണ്ടിമുതൽ കാണായതായി ചൊവ്വാഴ്ച നടന്ന വിസ്താരത്തിനിടെയാണ് അറിഞ്ഞത്.
വിസ്താരത്തിനിടെ തൊണ്ടമുതൽ ഹാഹരാക്കാൻ സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടതോടെ എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ എത്തിച്ചെങ്കിലും സീൽ ചെയ്ത കവർ തുറന്നപ്പോൾ അതിൽ തൂവാല ഉണ്ടായിരുന്നില്ല. കവറിന് മുകളിൽ "ടൗവൽ കാണാനില്ല, എലി കരണ്ടു കൊണ്ടുപോയി" എന്ന് പേപ്പറിൽ എഴുതി വച്ചിരുന്നു.
സീൽ വച്ച കവർ കീറിയിരുന്നു. ഇത് മറ്റൊരു ബ്രൗണ്‍ കവറിനുള്ളില്‍ കീറിയ കവര്‍ നിക്ഷേപിച്ച് സെല്ലോ ടേപ്പ് ഉപയോഗിച്ചു ഒട്ടിച്ചിരിക്കുന്നു. അതിനു മുകളിലാണ് എലി കരണ്ടുകൊണ്ടു പോയെന്ന് എഴുതിയിട്ടുള്ളത്.
ധര്‍മടം - ആണ്ടല്ലൂര്‍ ഭാഗത്ത് റോഡില്‍ കിടന്നാണ് രക്തം പുരണ്ട നിലയില്‍ തൂവാല കിട്ടിയത്. സമീപത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുണ്ട്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീർക്കാനുള്ള ഗൂഢാലോചന നടത്തി പ്രതികള്‍ തൂവാല ഫസലിന്‍റെ രക്തം മുക്കി ഇവിടെ കൊണ്ടുവന്നിട്ടതാണെന്നായിരുന്നു സിബിഐയുടെ വാദം.
തൂവാല ആസൂത്രിതമായി മാറ്റിയതാണെന്നാണ് സിബിഐ വാദം. ഫോറന്‍സിക് റിപ്പോര്‍ട്ട് സിബിഐ തെളിവായി സമര്‍പ്പിച്ചിട്ടുള്ളതിനാല്‍, തൂവാല നഷ്ടപ്പെട്ടാലും കേസ് തെളിയിക്കാനാവുമെന്നാണ് സിബിഐയുടെ വിലയിരുത്തൽ.