''അച്ഛന് ചികിത്സ നൽകാതെ കൊന്നത് യുഡിഎഫ്'', ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്‍റെ മകൾ

ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പു തന്ത്രമാണെന്നും ഷബ്ന
പി.കെ. ഷബ്ന, കെ.എം. ഷാജി
പി.കെ. ഷബ്ന, കെ.എം. ഷാജി
Updated on

കോഴിക്കോട്: സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍റെ മരണവുമായി ബന്ധപ്പെട്ട് കെ.എം. ഷാജി ഉയർത്തിയ ആരോപണം തള്ളി കുഞ്ഞനന്തന്‍റെ മകൾ പി.കെ. ഷബ്ന. ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പു തന്ത്രമാണെന്നും കൃത്യസമയത്ത് ചികിത്സ നൽകാതെ തന്‍റെ പിതാവിനെ കൊന്നത് യുഡിഎഫ് ആണെന്നും ഷബ്ന ആരോപിച്ചു.

''അച്ഛന്‍റെ മരണത്തിൽ ദുരൂഹതയില്ല. അൾസർ മൂർച്ഛിച്ചാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന് മനഃപൂർവം ചികിത്സ വൈകിച്ചത് യുഡിഎഫ് സർക്കാരാണ്. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴേക്കും രോഗം മൂർച്ഛിച്ചു. അച്ഛനെ കൊന്നത് യുഡിഎഫ് ആണെന്ന ആരോപണം അന്നേ ഉയർന്നിരുന്നു'', ഷബ്ന പറയുന്നു.

കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊലപാതകികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഷാജിയുടെ ആരോപണം.

''കുറച്ചു പേരെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരിച്ചു വരും. ഇവരിൽ നിന്ന് രഹസ്യം ചോരുമോ എന്ന് ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലക്കേസിലെ മൂന്നു പേരെയും കൊന്നത് സിപിഎമ്മാണ്'', കൊണ്ടോട്ടിയിൽ ഷാജി ആരോപിച്ചിരുന്നു.

ടി.പി. വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിലാണ് കുഞ്ഞനന്തൻ മരണപ്പെട്ടത്. ടിപിയുടെ കൊലപാതകത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്നാണ് സിപിഎം അവകാശപ്പെട്ടിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com