

ബി.ബി. ഗോപകുമാര്‍ എംഎല്‍എ
കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിന് വധഭീഷണി. ഫോണില്‍ വിളിച്ചാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കിയത്. കൂടാതെ എംഎല്‍എക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.
ജോലി ആവശ്യം ഉന്നയിച്ചാണ് അജ്ഞാതന്‍ എംഎല്‍എയെ വിളിച്ചത്. എന്നാല്‍ ജോലി നല്‍കാന്‍ സാധ്യമല്ലെന്ന് എംഎല്‍എ അറിയിച്ചതോടെ ഫോണ്‍ കട്ടു ചെയ്‌തെങ്കിലും വീണ്ടും വിളിച്ചു. തുടര്‍ന്ന് കഴക്കൂട്ടം എംഎല്‍എയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും തരാന്‍ സാധ്യമല്ലെന്ന് പറഞ്ഞതോടെ അസഭ്യവര്‍ഷവും വധഭീഷണിയും മുഴക്കുകയായിരുന്നു.
സംഭവത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഗോപകുമാര്‍ പരാതി നല്‍കി. തുടര്‍ന്ന് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ചാത്തന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസിന് പുറമെ കേന്ദ്ര ഇന്‍റലിജൻസും അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരാണ് വിളിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കേരളത്തില്‍ ബിജെപിയുടെ മൂന്നു എംഎല്‍എമാരില്‍ ഒരാളാണ് ഗോപകുമാര്‍. 2026 നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഗോപകുമാര്‍ നിയമസഭയിലേക്ക് എത്തിയത്.