

മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ്
കൊച്ചി: കൊച്ചിയിലെ കോൺഗ്രസ് സ്ഥാനാർഥി ആരെന്ന് സംശയത്തിൽ ജനങ്ങളും പാർട്ടി പ്രവർത്തകരും. കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ വിഭാഗിയതയാണ് ഇതിലൂടെ പുറത്തുവരുന്നത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെയും കെപിസിസി ജനറൽസെക്രട്ടറി ദീപ്തി മേരി വർഗീസിന്‍റെയും പേരിൽ പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടത്. ഇതോടെ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.
നേരത്തെ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് തഴയപ്പെട്ടതിൽ ഡിസിസി നേതൃത്വത്തിനെതിരേ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ദീപ്തിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന വാഗ്ദാനം നിലനിൽക്കെയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് പോസ്റ്റർ അടിച്ചതെന്നും നേരത്തെ തൃക്കാക്കര ചോദിച്ചെങ്കിലും സിറ്റിങ് എംഎൽഎമാർ മത്സരിക്കുമെന്ന് വന്നതോടെയാണ് കൊച്ചിയിൽ സാധ്യത പറഞ്ഞത്. പ്രചാരണപരിപാടിക്ക് കുറച്ച് സമയമേയുള്ളൂ. അതുകൊണ്ടാണ് പോസ്റ്റർ അടിച്ചത്. പാർട്ടി പറയുന്നത് പോലെ പ്രവർത്തിക്കും. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. അല്ലെങ്കിൽ പിൻവാങ്ങും. ആര് മത്സരിച്ചാലും മണ്ഡലം തിരികെ പിടിക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ് പനമ്പിള്ളി നഗർ യൂണിറ്റ് മുഹമ്മദ് ഷിയാസിന് വേണ്ടി പ്രചാരണം ആരംഭിച്ചു. വിവിധയിടങ്ങളിൽ ഷിയാസിന്‍റെ ഫ്ളക്സും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മുഹമ്മദ് ഷിയാസിന് വേണ്ടി പ്രവർത്തകർ റോഡ് ഷോ നടത്താൻ ആലോചനയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ടുപേരിൽ ഒരാൾ മത്സരിക്കുകയും മറ്റേയാൾ പിൻവാങ്ങുകയും ചെയ്താൽ അണികൾക്കിടയിൽ അമർഷം പുകയുമെന്ന് ഉറപ്പാണ്.