'കള്ളൻ വിജയൻ' തലക്കെട്ട് വിവാദം: കെ.ആർ. അജയനെതിരേ നടപടിയെടുത്തിട്ടില്ല, അച്ചടി വൈകിയത് സാങ്കേതിക കാരണം മൂലമെന്ന് എം. സ്വരാജ്

നിലവിൽ ആർക്കാണ് വാരാന്തപ്പതിപ്പിന്‍റെ ചുമതലയെന്ന ചോദ‍്യത്തിന് അത് ദേശോഭിമാനിയുടെ ആഭ‍്യന്തര കാര‍്യമാണെന്നായിരുന്നു സ്വരാജിന്‍റെ മറുപടി
deshabhimani feature controversy m. swaraj responds

എം. സ്വരാജ്

Updated on

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എം. സ്വരാജ്. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയനെതിരേ നടപടിയെടുത്തിട്ടില്ലെന്നാണ് സ്വരാജ് പറയുന്നത്.

എടുത്താലും മറ്റു സ്ഥാപനങ്ങൾക്ക് അതിൽ എന്താണ് കാര‍്യമെന്നും സ്വരാജ് ചോദിച്ചു. സ്ഥാപനത്തിന്‍റെ അച്ചടക്കം സംബന്ധിച്ച് നടപടി സ്വീകരിക്കേണ്ട സാഹചര‍്യമുണ്ടെങ്കിൽ അതുണ്ടാവുമെന്നും ഇല്ലെങ്കിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ആർക്കാണ് വാരാന്തപ്പതിപ്പിന്‍റെ ചുമതലയെന്ന ചോദ‍്യത്തിന് അത് ദേശോഭിമാനിയുടെ ആഭ‍്യന്തര കാര‍്യമാണെന്നായിരുന്നു സ്വരാജിന്‍റെ മറുപടി. പത്രം അച്ചടിക്കാൻ വൈകിയത് സാങ്കേതിക കാരണങ്ങളാലാണെന്നും വാരാന്തപ്പതിപ്പിലേക്ക് നൂറുക്കണക്കിന് സൃഷ്ടികൾ വരുമെന്നും അത് പ്രസിദ്ധീകരിക്കണോയെന്ന് ദേശാഭിമാനി തീരുമാനിക്കുമെന്നും അത് മാധ‍്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

ദേശാഭിമാനിയെ പറ്റി തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മാധ‍്യമ ധാർമികതയ്ക്ക് നിരക്കുന്നതല്ലിതെന്നും വിഎസ് അനുസ്മരണം ഒഴിവാക്കിയെന്നുള്ള വാർത്തകൾ തെറ്റാണെന്നും സ്വരാജ് വ‍്യക്തമാക്കി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ മാറ്റുകയും പകരം ടി. ചന്ദ്ര മോഹന് പുതിയ ചുമതല നൽകിയതായും കഴിഞ്ഞ ദിവസം വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കുകയും മാധ‍്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്നും ചൂണ്ടിക്കാട്ടി അജയന് കഴിഞ്ഞ ദിവസം പത്രത്തിന്‍റെ റസിഡന്‍റ് എഡിറ്റർ കൂടിയായ സ്വരാജ് കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു.

അതേസമയം, ദേശാഭിമാനി ഒഴിവാക്കിയ കള്ളൻ വിജയൻ എന്ന ഫീച്ചർ ലേഖകൻ ടി.സി. രാജേഷ് സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചിരുന്നു. തിരുവനന്തപുരത്തെ പുല്ലാംപാറയിലെ നാടക ഗ്രാമത്തെ പറ്റിയും അവിടത്തെ പ്രശ്സത നാടക കലാകാരനുമായ വിജയനെ പറ്റിയുള്ളതായിരുന്നു രാജേഷിന്‍റെ ഫീച്ചർ.

നാടകവേദിയിലെ കള്ളൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് കള്ളൻ വിജയൻ, ധന‍്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ എന്ന മേൽവിലാസത്തിൽ കത്തുകൾ ലഭിക്കാറുണ്ടായിരുന്നുവെന്നും ആ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തലക്കെട്ട് നൽകിയതെന്നും പിഴവ് തന്‍റെതാണെന്നും ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ലേഖകൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ‍്യക്തമാക്കിയിരുന്നു.

മുൻ മുഖ‍്യമന്ത്രി വി.എസ്. അച‍്യുതാനന്ദൻ അനുസ്മരണത്തോടൊപ്പമാണ് ഫീച്ചറും പുറത്തിറങ്ങേണ്ടിയിരുന്നത്. സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ സാധിച്ചില്ലെന്നായിരുന്നു ദേശാഭിമാനിയുടെ ഔദ‍്യോഗിക വിശദീകരണം. വിഎസിന്‍റെ ചരമവാർഷികവുമായി ബന്ധപ്പെട്ടുള്ള ലേഖനവും കള്ളൻ വിജയൻ എന്ന തലക്കെട്ടുമുള്ള ഫീച്ചറുമാണ് വാരാന്തപ്പതിപ്പ് വൈകാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിവാദമായ ഫീച്ചർ ഒഴിവാക്കി പുതിയ വാരാന്തപ്പതിപ്പ് പുറത്തിറക്കിയത്.

logo
Metro Vaartha
www.metrovaartha.com