ഡിഎച്ച്എസ് വിവാദം: രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനാകാതെ ഡോ. റീന

സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാതെ പദവി ഒഴിയില്ലെന്നു താല്‍ക്കാലിക ചുമതലയുള്ള ഡോ. വി. മീനാക്ഷി കടുംപിടിത്തം തുടരുന്നതാണ് ഡോ. റീനയ്ക്ക് വിലങ്ങുതടിയാവുന്നത്
kerala health director dr kj reena

കെ. മുരളീധരൻ | കെ.ജെ. റീന

Updated on

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായി എത്തിയിട്ടും രണ്ടാം ദിവസമായ ശനിയാഴ്ചയും ആരോഗ്യവകുപ്പ് ഡയറക്ടര്‍ (ഡിഎച്ച്എസ്) സ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കാതെ ഡോ. കെ.ജെ. റീന. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാതെ പദവി ഒഴിയില്ലെന്നു താല്‍ക്കാലിക ചുമതലയുള്ള ഡോ. വി. മീനാക്ഷി കടുംപിടിത്തം തുടരുന്നതാണ് ഡോ. റീനയ്ക്ക് വിലങ്ങുതടിയാവുന്നത്. വെള്ളിയാഴ്ചയും ഓഫീസില്‍ എത്തിയെങ്കിലും സ്ഥാനമേല്‍ക്കാന്‍ റീനയ്ക്ക് സാധിച്ചിരുന്നില്ല.

അച്ചടക്കലംഘനം ഉന്നയിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരനാണ് ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് റീനയെ മാറ്റിയത്. ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് റീന അനുകൂലവിധി നേടിയിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഡിഎച്ച്എസിന്റെ ചുമതല ഒഴിയേണ്ടതില്ലെന്നാണ് ഡോ. മീനാക്ഷിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശമെന്നാണ് സൂചന. അതേസമയം വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് തീരുമാനം എടുക്കേണ്ടതെന്നും ട്രൈബ്യൂണല്‍ തനിക്കൊപ്പമാണെന്നും റീന പറയുന്നു.

ഡോ. മീനാക്ഷി സ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് വെള്ളിയാഴ്ച ഡിഎച്ച്എസ് ആസ്ഥാനത്ത് അരങ്ങേറിയത്. ഡോ. റീന ഓഫീസില്‍ എത്തിയിട്ടും ഡോ. മീനാക്ഷി കസേരയില്‍ തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലീസും സ്ഥലത്തെത്തിയിരുന്നു. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കെ അവധിക്ക് അപേക്ഷിച്ചുവെന്ന കുറ്റമടക്കം ചുമത്തിയാണ് ആരോഗ്യവകുപ്പ് ഡോ. റീനയെ പദവിയില്‍നിന്ന് നീക്കിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ഡോ. റീന വ്യക്തമാക്കിയതോടെ ട്രൈബ്യൂണല്‍ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com