
ആർഎസ്എസിൽ നിന്നും അനുമതി തേടിയില്ല, നൈപുണ‍്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേര് നൽകിയതിൽ ബിജെപിയിൽ ഭിന്നത
പാലക്കാട്: പാലക്കാട് നഗരസഭയിലെ നൈപുണ‍്യവികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിന്‍റെ പേര് നൽകിയതിൽ ബിജെപിയിൽ ഭിന്നത. ആർഎസ്എസിൽ നിന്ന് അനുമതി നേടിയില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്.
ബിജെപി കൗൺസിൽമാർ മാത്രമെടുത്ത തീരുമാനമാണിതെന്നും മറ്റ് ബിജെപി പ്രവർത്തകരെ ഈ കാര‍്യം അറിയിച്ചില്ലെന്നും ആരോപണമുണ്ട്. അതേസമയം കെട്ടിടം നിർമിച്ച ശേഷം മാത്രം പേര് നൽകിയാൽ മതിയെന്നും പാർട്ടിയിൽ അഭിപ്രായം ഉയർന്നിരുന്നു.
നൈപുണ‍്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേരിടാനുള്ള നീക്കത്തിനെതിരേ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധിച്ചിരുന്നു.
ഒടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്. അതേസമയം ഹെഡ്ഗേവാറിന്‍റെ പേരിൽ തന്നെ നൈപുണ‍്യ കേന്ദ്രം ആരംഭിക്കുമെന്ന് പാലക്കാട് നഗരസഭ ചെയർപേഴ്സൻ ഇ. കൃഷ്ണദാസും വ‍്യക്തമാക്കിയിരുന്നു.