
എഡിജിപി എം.ആർ. അജിത് കുമാർ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ഫ്ലാറ്റ് വാങ്ങൽ, സ്വർണക്കടത്ത് എന്നിവയിൽ അജിത് കുമാർ അഴിമതി നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നത്. പരാതിക്കാരനായ അഡ്വ നാഗരാജന്‍റെ മൊഴി എടുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ആഡംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം നടത്തിയത്. എഡിജിപിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് ചോദ്യം ചെയ്തു കൊണ്ട് നെയ്യാറ്റിൻകര സ്വദേശിയായ അഡ്വ. നാഗരാജ് ആണ് ഹർജി നൽകിയത്.
കേസിൽ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ‍്യം. നേരത്തെ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു. എഡിജിപിക്കു കീഴിലുള്ള ഉദ‍്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതെന്നും സ്വത്ത് വിവരങ്ങൾ പോലും ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നുമാണ് ഹർജിക്കാരന്‍റെ ആരോപണം.