

ഷൈൻ ടോം ചാക്കോ
File photo
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. ഷൈനെ ഉടന്‍ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ പരിശോധിക്കും. പിന്നീട് കൊച്ചി ഫസ്റ്റ് ക്ലാസ് മജസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
നര്‍ക്കോട്ടിക് നിയമ പ്രകാരം സെക്ഷൻ 27, 29 വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കൽ, ഉപയോഗത്തിൽ പങ്കാളിയാകുക എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
തുടർച്ചായായ മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പൊലീസിന് നിര്‍ണായക വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്‍റെ തുടര്‍ ചോദ്യങ്ങൾക്ക് മുന്നില്‍ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നൽകിയിരുന്നു. കൂടാതെ, സജീറിന് 20,000 രൂപ നൽകിയതിന്‍റെ തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു. ലഹരി പരിശോധനയ്ക്കായി കൊച്ചിയിലെ സ്വകാര‍്യ ഹോട്ടലിൽ പൊലീസ് സംഘം എത്തിയത് ഈ സജീറിനെ പിടികൂടുന്നതിനായിരുന്നു. ഇതാണ് അറസ്റ്റിലേക്കു നയിച്ച നിർണായക മൊഴിയായത്.
ഷൈന്‍ തുടക്കം മുതൽ നൽകിയിരുന്ന മൊഴികളിലും പൊലീസ് വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾക്കായി നടന്‍റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ തുടങ്ങിയവ അടക്കം പരിശോധിക്കുകയാണ്.