
ദുൽക്കർ സൽമാൻ
കൊച്ചി: നടൻ ദുൽക്കർ സൽമാന്‍റെ പക്കൽനിന്ന് ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടുനൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹനം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ദുൽക്കർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിറക്കിയത്.
ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുളളിൽ വാഹനം വിട്ടു നൽകണമെന്നാണ് കോടതി കസ്റ്റംസിനോടു നിർദേശിച്ചത്. കസ്റ്റംസ് വാഹനം വിട്ടു നൽകാൻ തയാറല്ലെങ്കിൽ, കാരണം സഹിതം റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം സമർപ്പിക്കാനും കോടതി ഉത്തരവിറക്കിയിട്ടുണ്ട്.
വാഹനത്തിന്‍റെ മൂല്യത്തിനൂ തുല്യമായ തുക കെട്ടിവയ്ക്കാമെന്നു ദുൽക്കർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. വ്യക്തികൾക്കെതിരേ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടിയല്ലെന്നും കസ്റ്റംസിനോട് കോടതി പറഞ്ഞു.
ദുൽക്കറിന്‍റെ മറ്റ് രണ്ടു വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനെ ദുൽക്കർ ചോദ്യം ചെയ്തിരുന്നില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്റ്റ് പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു.