
ഷാഫി പറമ്പിൽ
കോഴിക്കോട്: എംപി ഷാഫി പറമ്പിലിനെ വടകരയിൽ വച്ചു തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് ഭാരവാഹികൾ ഉൾപ്പെടെയുള്ള 11 പേരാണ് അറസ്റ്റിലായത്.
തുടർന്ന് ഇവരെ സ്റ്റേഷൻ ജാമ‍്യത്തിൽ വിട്ടയച്ചു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. വടകര ടൗൺഹാളിൽ വച്ചു നടന്ന ഭിന്നശേഷിക്കാർക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു ഷാഫി പറമ്പിൽ.
ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫിക്കു നേരെ മുദ്രാവാക‍്യം വിളിച്ച് പ്രതിഷേധവുമായെത്തിയത്. തുടർന്ന് കാറിൽ നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
പേടിച്ചു പോകാൻ വേറെ ആളെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാൽ കേട്ടു നിൽക്കില്ലെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. പിന്നീട് പൊലീസ് അനുനയിപ്പിച്ചാണ് ഷാഫിയെ വാഹനത്തിൽ കയറ്റിയത്.