67 ദിവസത്തിന് ശേഷം പുറത്തേക്ക്, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം

കർശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം
ed attack case, cpm workers get bail

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം

Updated on

കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം. ഒൻപത് പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം. സംഭവം നടന്ന പ്രദേശത്തോ അതിന്‍റെ സബ് ഡിവിഷൻ പരിധിയിലോ പ്രവേശിക്കരുത് എന്ന കർശന വിലക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. 67 ദിവസത്തിനുശേഷമാണ് പ്രതികൾ ജയിലിന് പുറത്തേക്ക് എത്തുന്നത്.

കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് പൂർത്തിയായി. കേസിൽ 67 ദിവസം ഉണ്ടായിട്ടും ആയുധം കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. പൊലീസ് കസ്റ്റഡി ഉൾപ്പെടെ പൂർത്തിയാവുകയും ചെയ്തു. ഇതിനു ശേഷവും എന്തിനാണ് കൂടുതൽ കസ്റ്റഡിയിൽ വയ്ക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഇഡി ഉദ്യോഗസ്ഥർക്കും ഡ്രൈവറിനും നിസാര പരിക്കാണ് ഉണ്ടായതെന്ന് കോടതി വിലയിരുത്തി.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സർക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് വളരെ ഗൗരവകരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകരുതെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. പരിക്കിന്‍റെ സ്വഭാവമല്ല, മറിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചതിലെ ഉദ്ദേശലക്ഷ്യമാണ് പരിശോധിക്കേണ്ടതെന്നും ഇഡി ചൂണ്ടിക്കാട്ടി. എന്നാൽ ദീർഘകാലമായി പ്രതികൾ ജയിലിൽ കഴിയുന്നത് കൂടി പരിഗണിച്ച് കോടതി ജാമ്യം നൽകുകയായിരുന്നു.

അറസ്റ്റിലായ 26 പേരിൽ കിരൺ പി.എസ്, ജീവൻ, അനിൽ കുമാർ, ശ്രീജിത്, നിഷാദ്, സിദ്ധാർഥ് എസ്, ഷഫീഖ് എന്നിവരുൾപ്പെടെ 9 പേരുടെ ജാമ്യാപേക്ഷയാണ് കോടതി മുമ്പാകെയുണ്ടായിരുന്നത്. ഇതിനു പുറമേ 4 പേരുടെ ജാമ്യാപേക്ഷ കൂടി കോടതി മുൻപാകെയുണ്ട്. ഇത് നാളെ പരിഗണിക്കാനായി മാറ്റി. ഒൻപതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതുവരെ ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിലെ 25ാം പ്രതി ഉണ്ണികൃഷ്ണന് പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം 30 വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു.

logo
Metro Vaartha
www.metrovaartha.com