മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരേ ഇഡി; സൗബിനെ ചോദ്യം ചെയ്യും

ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിച്ചുവെന്ന കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്
മഞ്ഞുമ്മൽ ബോയ്സ്
മഞ്ഞുമ്മൽ ബോയ്സ്

കൊച്ചി:കള്ളപ്പണ ഇടപാടു നടന്നോ എന്ന സംശയത്തെത്തുടർന്ന് മഞ്ഞുമ്മൽ ബോയ്സിന്‍റെ നിർമാതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. നടൻ സൗബിൻ ഷാഹിറിന്‍റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൗബിൻ ഷാഹിറിനെ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. സൗബിൻ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായില്ലെന്നാണ് സൂചന. ഇവർക്കു വീണ്ടും നോട്ടീസ് നൽകിയേക്കും.

ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിച്ചുവെന്ന കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ കേസിൽ മരട് പൊലീസ് അന്വേഷണം നടത്തി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യത്തിന് പറവ ഫിലിംസ് ഉടമസ്ഥർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഏഴു കോടി രൂപ നിക്ഷേപിച്ചാൽ നാൽപ്പത് ശതമാനം ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനമെന്നാണ് സിറാജ് ആരോപിക്കുന്നത്. 26 തവണയായി 5.99 കോടി രൂപ അക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ടുമായി മൊത്തം 7 കോടി രൂപ നൽകിയിരുന്നു. വിതരണത്തിനും മാർക്കറ്റിങ്ങിനുമായി 22 കോടി ചെലവായെന്നാണ് നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ഇത്രയും തുക ചെലവായിട്ടില്ലെന്നും സിറാജ് ആരോപിക്കുന്നു. സിനിമയ്ക്ക് 250 കോടി രൂപയെങ്കിലും ലഭിച്ചിട്ടുണ്ട്. ഇതു പ്രകാരം നിർമാണച്ചെലവ് കുറച്ചാൽ 100 കോടിയെങ്കിലും ലാഭമുണ്ടാകുമെന്നും കരാറനുസരിച്ച് തനിക്ക് 47 കോടി രൂപ നൽകേണ്ടതുണ്ടെന്നുമാണ് സിറാജിന്‍റെ വാദം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com