

സരസാൾ
പാലക്കാട്: മൂക്കുത്തി മോഷ്ടിക്കാൻ എത്തിയ യുവാക്കൾ വയോധികയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. കൊഴിഞ്ഞാമ്പാറ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാൾ (66) ആണ് കൊല്ലപ്പെട്ടത്. ജൂൺ 10 മുതൽ ഇവരെ കാണാതായിരുന്നു. തുടർന്ന് മകൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസുമായി ബന്ധപ്പെട്ട പ്രദേശവാസികളായ യുവാക്കളെ കസ്റ്റഡിയിലെടുത്തു.
പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. വയോധികയുടെ മൂക്കുത്തി മോഷ്ടിക്കാനാണ് യുവാക്കൾ എത്തിയത്. മോഷണത്തിനിടെ വയോധികയെ കൊലപ്പെടുത്തിയ ഇവർ മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിൽ ഇട്ടു കത്തിച്ചു. തുടർന്ന് പാതി കത്തിയ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയതായും പ്രതികൾ സമ്മതിച്ചു. കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തിയാകാത്ത ആളുമുണ്ട്.
സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്തു ശാസ്ത്രീയ പരിശോധനയും തുടർനടപടികളും പൂർത്തിയാക്കിയശേഷമേ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.