വി.ഡി. സതീശൻ,  കെ. സുധാകരൻ
വി.ഡി. സതീശൻ, കെ. സുധാകരൻ

വി.ഡി. സതീശനും കെ. സുധാകരനും നിർണായകം

അതിനിടെ, കണ്ണൂരിൽ സുധാകരൻ തോൽക്കുമെന്ന് അദ്ദേഹത്തിന്‍റെ എതിർപക്ഷത്തുള്ള കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നുണ്ട്.
Published on

എം.ബി. സന്തോഷ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന കോൺഗ്രസിൽ നിർണായകമാവുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനുമാണ്. കഴിഞ്ഞ തവണത്തേതു പോലെ 19, അല്ലെങ്കിൽ ഇപ്പോൾ പ്രതീക്ഷിക്കുന്ന 20ൽ 20 ആണെങ്കിൽ രണ്ടുപേരും അഭിമാനിക്കും. എന്നാൽ, ഫലം താഴോട്ടുപോയാൽ രണ്ടുപേരും സ്ഥാനമൊഴിയണമെന്ന മുറവിളി ഉയരുന്നത് സ്വന്തം പാർട്ടിയിൽ നിന്നാവും. അതിനിടെ, കണ്ണൂരിൽ സുധാകരൻ തോൽക്കുമെന്ന് അദ്ദേഹത്തിന്‍റെ എതിർപക്ഷത്തുള്ള കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ സ്ഥാനചലനം എളുപ്പമാണെന്ന് സുധാകര വിരുദ്ധർ കരുതുന്നു.

സുധാകരനും സതീശനും രണ്ടു ധ്രുവങ്ങളിലാണെന്നതാണ് യാഥാർഥ്യം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു ഫലം വന്ന അന്ന് മാധ്യമങ്ങളുടെ മുന്നിൽ രണ്ടുപേരും കാട്ടിയതു മുതൽ ഏറ്റവുമൊടുവിൽ പത്രസമ്മേളനത്തിന് സമയത്തെത്താത്ത സതീശനെ അശ്ലീല വാക്കു ചേർത്ത് സുധാകരൻ സംബോധന ചെയ്തതുൾപ്പെടെ വിഷയങ്ങളുണ്ടായെങ്കിൽ, കെഎസ്‌യുവിന്‍റെ നെയ്യാർ ഡാം നേതൃ ക്യാംപോടെ പരസ്യമായ പോരിലാണ്.

വോട്ടെടുപ്പിനു ശേഷം കെപിസിസി പ്രസിഡന്‍റ് സ്ഥാനം നൽകാതിരിക്കാൻ സതീശൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ സഹായത്തോടെ ഇടപെട്ടു എന്ന വികാരമാണ് സുധാകരൻ ക്യാംപിനുള്ളത്. അതുകൊണ്ട് ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തി പ്രസിഡന്‍റ് പദം സുധാകരൻ ഏറ്റെടുത്തത് വാശിയോടെയാണ്.

അതിനാൽ, ഒരുമിച്ചു പോകാനാവാത്ത വിധം അകന്നിരിക്കേ പരസ്പരം മാറ്റാനാവും രണ്ടുപേരും ശ്രമിക്കുക. 15 സീറ്റിൽ താഴെയാണ് യുഡിഎഫിനെങ്കിൽ രണ്ടു പേരെയും മാറ്റാൻ ഹൈക്കമാൻഡ് നിർബന്ധിതമായേക്കും. എക്സിറ്റ് പോളുകളും ശരാശരി അത്രയേ പ്രവചിക്കുന്നുള്ളൂ. പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ മുറിവേറ്റു എന്ന വികാരമുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ അപമാനിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ഇറക്കിവിട്ട നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൂടെന്നുമില്ല.

ഇന്ത്യ മുന്നണിയാണ് അധികാരത്തിലേറുന്നതെങ്കിൽ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ജയിച്ചാൽ കേന്ദ്രമന്ത്രിമാരാകാനാണ് സാധ്യത. മുന്നണി അധികാരത്തിലെത്തിയില്ലെങ്കിൽ തമ്മിലടി രൂക്ഷമാകുമെന്ന് ഭയക്കുന്ന പ്രവർത്തകരുണ്ട്.

മുസ്‌ലിം ലീഗിൽ പാർട്ടിയുടെ സൈനികരായിരുന്ന "സമസ്ത'യുമായുള്ള സംഘർഷമാണ് പ്രതിസന്ധി. 2 സീറ്റിലും കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ ജയിച്ചാൽ "സമസ്ത'യ്ക്കെതിരേ ആക്രമണം ശക്തമാക്കും. അങ്ങനെയല്ലെങ്കിൽ അവരെ അനുനയിപ്പിക്കേണ്ടിവരും. യുഡിഎഫിന് പകുതിയിലേറെ സീറ്റ് കിട്ടിയില്ലെങ്കിൽ മുസ്‌ലിം ലീഗ് എൽഡിഎഫിലെത്താനുള്ള സാധ്യതയും തള്ളാനാവില്ല.

യുഡിഎഫ് കഴിഞ്ഞ തവണ ജയിച്ച കോട്ടയം ഇത്തവണ നിലനിർത്തിയില്ലെങ്കിൽ ജോസഫ് ഗ്രൂപ്പിന്‍റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടും.

ബിജെപിയിൽ മാറ്റത്തിനിടയില്ല

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വരെ കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയതിനാൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭാരവാഹികളിൽ വലിയ മാറ്റമുണ്ടാക്കാനിടയില്ല.

കേരളത്തിലെ ബിജെപി സ്ഥാനാർഥി നിർണയം പൂർണമായും കേന്ദ്ര നേതൃത്വമാണ് നടത്തിയത്. പ്രചാരണത്തിലും കേന്ദ്രത്തിന്‍റെ മേൽനോട്ടമുണ്ടായി. സുരേന്ദ്രൻ വയനാട്ടിൽ മത്സരിച്ചു. സംസ്ഥാന നേതൃത്വവുമായി കടുത്ത ഭിന്നതയുള്ള ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ സ്ഥാനാർഥിയായി.

ഒരു സീറ്റിലും ജയിക്കാനായില്ലെങ്കിൽ സുരേന്ദ്രന്‍റെ എതിരാളികൾ വിമർശനം കടുപ്പിക്കും. മാത്രമല്ല തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പത്തനംതിട്ട എന്നിങ്ങനെ ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടവരല്ല. ഇവർ വിജയിച്ചാൽ ബിജെപിയിൽ പുതിയ അധികാര കേന്ദ്രത്തിനും സാധ്യതയുണ്ട്.

logo
Metro Vaartha
www.metrovaartha.com