
പി.ബി. ബിച്ചു
തിരുവനന്തപുരം: വഴിക്കടവിൽ മൃഗവേട്ടയ്ക്കു സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടായെന്ന വാദം ഉന്നയിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരേ ഇടതു മുന്നണിയിലും അതൃപ്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലടക്കം വനം മന്ത്രിയുടെ വാവിട്ട വാക്കുകൾ പ്രചരണായുധമായി പ്രതിപക്ഷവും ബിജെപിയും ഉന്നയിച്ചതോടെയാണ് സർക്കാരും മുന്നണിയും പ്രതിരോധത്തിലായത്. സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾക്കു മന്ത്രിയുടെ പരമാർശത്തിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, തന്‍റെ പരാമർശം വളെച്ചൊടിച്ചാണ് വിവാദങ്ങളിലെത്തിച്ചതെന്ന് വിശദീകരിച്ച് മന്ത്രി ശശീന്ദ്രൻ ഇന്നലെ രംഗത്തെത്തി. കുട്ടിയുടെ മരണത്തിൽ ഗൂഢാലോചന നടന്നെന്ന് പറഞ്ഞിട്ടേയില്ലെന്നും, മരണത്തിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയമുണ്ടോ എന്ന സംശയം മാത്രമാണ് ഉന്നയിച്ചതെന്നുമാണ് മന്ത്രി പറയുന്നത്.
വനം മന്ത്രി ഗൂഢാലോചന ആരോപിച്ചതിന് പിന്നാലെ, യുഡിഎഫ് തെളിവു നൽകണമെന്ന് ആവശ്യപ്പെടുകയും മന്ത്രിയുടെ പ്രസ്താവന വിവാദമാവുകയും ചെയ്തതിനു പിന്നാലെ മന്ത്രിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനും നീരസം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് മന്ത്രി നിലപാട് മയപ്പെടുത്തിയത്. എന്നാൽ, മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുന്നത് സാധാരണമാണെന്നും വനം മന്ത്രിയെയും വകുപ്പിനെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറയുന്നു.
പക്ഷേ, മന്ത്രിയുടെ പരാമർശത്തിന് പിന്നാലെ യുഡിഎഫ് നേതാക്കളൊന്നാകെ ശശീന്ദ്രനെതിരേ അണിനിരക്കുകയാണ്. നിലമ്പൂരിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച യുഡിഎഫും ബിജെപിയും മന്ത്രിക്കെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
സംഭവത്തിൽ വനം മന്ത്രി ഗൂഢാലോചന ആരോപണം ഉന്നയിച്ചത് എന്തു കൊണ്ടെന്ന് അറിയില്ലെന്നായിരുന്നു സിപിഐ ദേശീയ കൗൺസിൽ അംഗം പ്രകാശ് ബാബുവിന്‍റെ അഭിപ്രായം. അത്തരം തെളിവുകൾ മന്ത്രിയുടെ കൈയിലുണ്ടോ എന്ന് അറിയില്ല. ഇപ്പോൾ രാഷ്‌ട്രീയ ഗൂഢാലോചന എന്ന് പറയാൻ ഇപ്പോൾ താനില്ല. ജനങ്ങൾക്ക് സുരക്ഷ കിട്ടാൻ സർക്കാർ ശക്തമായ നടപടി എടുക്കണം- പ്രകാശ് ബാബു ആവശ്യപ്പെട്ടു.
പ്രചാരണത്തിൽ ഇപ്പോൾ വിദ്യാർഥിയുടെ മരണമാണ് പ്രധാന ചർച്ച. സംഭവത്തിലെ പ്രതിയേയും യുഡിഎഫ് ബന്ധങ്ങളെയും ചൂണ്ടിക്കാട്ടി ഇടത് നേതാക്കളും ആരോപണങ്ങളുമായി രംഗത്തുണ്ട്. എന്നാൽ സർക്കാർ വീഴ്ചയായാണ് വിദ്യാർഥിയുടെ മരണത്തിനു കാരണമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷവും ബിജെപിയും മുൻ എംഎൽഎയും ഇപ്പോൾ സ്ഥാനാർഥിയുമായ പി.വി. അൻവറും രംഗത്തുണ്ട് എന്നതിനാൽ ഇടത് സ്ഥാനാർഥി എം. സ്വരാജിന് വരും ദിവസങ്ങളിൽ ഈ വിഷയം സുപ്രധാനമാണ്.