സങ്കടങ്ങൾക്ക് അറുതി; പെരുന്നാൾ ദിനത്തിൽ നാടണഞ്ഞ് അബ്ദുൽ റഹീം

സൗദി പൗരന്‍റെ മകന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീമിന് വധശിക്ഷ വിധിച്ചത്.
End to sorrows; Abdul Rahim home on Eid

അബ്ദുൾ റഹീം വിമാനത്താവളത്തിൽ

Updated on

കോഴിക്കോട്: ഇരുപതു വർഷം നീണ്ടു നിന്ന സങ്കടപ്പെരുമഴ ഒടുവിൽ ആനന്ദാശ്രുക്കൾക്ക് വഴിമാറി. സൗദിയിലെ വധശിക്ഷയിൽ നിന്ന് മോചിതനായ കോഴിക്കോട് സ്വദേശ് അബ്ദുൾ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. ബലി പെരുന്നാൾ ദിനത്തിൽ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് റഹീമിനെ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ റഹീം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ തന്നെ കാത്തു നിന്നവരോട് നിറകണ്ണുകളോടെയാണ് റഹീം സംസാരിച്ചത്. 9.15 ഓടെ റഹീം കോടമ്പുഴയിലെ തറവാട്ടു വീടായ സീനത്ത് മൻസിലിൽ എത്തി.

സൗദി പൗരന്‍റെ മകന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീമിന് വധശിക്ഷ വിധിച്ചത്. ഒടുവിൽ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെയാണ് റഹീമിന്‍റെ മോചനം സാധ്യമായത്. ആഗോള മലയാളികൾ ഒന്നിച്ചു നിന്നാണ് റഹീമിനെ മോചിതനാക്കുന്നതിനായുള്ള ദയാധനം സ്വരൂപിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി കൈമാറിയത്.

2024 ജൂലൈ രണ്ടിന് സൗദി കുടുംബത്തിന് ദയാധനം കൈമാറിയതിനെത്തുടർന്ന് വധശിക്ഷ റദ്ദാക്കിയിരുന്നെങ്കിലും 20 വർഷം ശിക്ഷ അനുഭവിക്കണമെന്നായിരുന്നു കോടതി വധി. ശിക്ഷാ കാലാവധി അവസാനിച്ചതോടെയാണ് ‌റഹീം മോചിതനായത്. അമ്മ ഫാത്തിമയും സഹോദരങ്ങളായ സഫിയ, സുഹറ, സലീം, നസീർ, എന്നിവരും റഹീമിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

2008 നവംബറിലാണ് റഹീം ഡ്രൈവർ ജോലിക്കായി സൗദിയിൽ എത്തിയത്. ജോലിയിൽ കയറി ഒരു മാസത്തിനകം തന്നെ കേസിൽ പെടുകയായിരുന്നു. സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്രിയുടെ രോഗബാധിതനായ പതിനഞ്ചു വയസുള്ള മകനാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന യന്ത്രത്തിൽ റഹീമിന്‍റെ കൈ അബദ്ധത്തിൽ തട്ടിയതോടെ കുട്ടി ബോധരഹിതനാകുകയും പിന്നീട് മരിക്കുകയുമായിരുന്നു. മനപ്പൂർവമല്ലാത്ത കൈപ്പിഴയാണെന്ന് കണ്ടെത്തിയെങ്കിലും കോടതി റഹീമിന് വധശിക്ഷ വിധിച്ചു.

logo
Metro Vaartha
www.metrovaartha.com