
കണ്ണൂർ: തെങ്ങിൽ നിന്ന് ചെത്തിയെടുക്കുന്ന ഇളംകള്ളിന് ഇളനീരിനേക്കാൾ ഔഷധഗുണമുണ്ടെന്നും ഗ്ലൂക്കോസിനേക്കാൾ പവർഫുള്ളാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എം.വി. ഗോവിന്ദൻ പറഞ്ഞത് മദ്യത്തെക്കുറിച്ചാണ്. എന്നാൽ പണ്ട് കാലത്ത് നാട്ടിൽ പ്രസവിച്ചു കഴിഞ്ഞാൽ മുറ്റത്തെ തെങ്ങ് ചെത്തി എടുക്കുന്ന നീര് കുട്ടികൾക്കു കൊടുക്കും. അത് ഗ്ലൂക്കോസിനേക്കാൾ പവർഫുള്ളായ പാനീയമായിരുന്നു. പക്ഷേ മറ്റു വസ്തുക്കൾ ചേർത്ത് മദ്യത്തിന്‍റെ വീര്യത്തിലേക്ക് കൊണ്ടു പോകരുത്.
ആരോഗ്യത്തിന് ഗുണകരമായിട്ടുള്ളതാണ് കള്ളെന്നും കള്ളുചെത്ത് വ്യവസായം ശക്തിപ്പെടുത്തണമെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പനങ്കള്ള് വിൽക്കുന്നവരുണ്ട്. ബെഡ്കോഫിയേക്കാൾ ഗുണകരമാണ് അത്.