പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും വിദഗ്ധ സേവനം 24 മണിക്കൂറും ഉറപ്പാക്കണം; ഉത്തരവുമായി സർക്കാർ

മാതൃ - ശിശു മരണങ്ങൾ കുറയ്ക്കുന്നതിനും പ്രസവസമയത്തെ അടിയന്തര ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് നടപടി
expert services 24 7 in all hospitals with maternity facilities

പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും വിദഗ്ധ സേവനം 24 മണിക്കൂറും ഉറപ്പാക്കണം; ഉത്തരവുമായി സർക്കാർ

Representative Image

Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഡോക്റ്റർമാർ, അനസ്തീഷ്യ വിദഗ്ധർ, പരിശീലനം ലഭിച്ച നഴ്‌സുമാർ എന്നിവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ തീരുമാനവുമായി സർക്കാർ. മാതൃ - ശിശു മരണങ്ങൾ കുറയ്ക്കുന്നതിനും പ്രസവസമയത്തെ അടിയന്തര ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് നടപടി. 24 മണിക്കൂറും രക്തബാങ്ക് സൗകര്യം ഉറപ്പാക്കാനും നടപടിയുണ്ടാകും .

തെരഞ്ഞെടുക്കപ്പെട്ട പ്രസവ കേന്ദ്രങ്ങളിൽ ശിശുരോഗ വിദഗ്ധരുടെ സേവനവും മുഴുവൻ സമയവും ലഭ്യമാക്കാനും തീരുമാനമായി.ഗർഭധാരണത്തിന് മുൻപുതന്നെ സ്ത്രീകളുടെ ആരോഗ്യം വിലയിരുത്തി പരിചരണവും ചികിത്സയും ഉറപ്പാക്കാൻ പ്രീ കൺസെപ്ഷൻ സ്ക്രീനിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും. പ്രസവസമയത്തും ശേഷവും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില മോശമാകുന്നത് മുൻകൂട്ടി കണ്ടെത്തുന്നതിനായി 'കേരള മെറ്റേണൽ ഒബ്സ്റ്റട്രിക് ഏർലി വാണിങ് സ്കോർ' സംവിധാനം നടപ്പാക്കും. അടിയന്തര സാഹചര്യങ്ങളിൽ നേരിടാൻ ഏകീകൃത ചികിത്സാ പ്രോട്ടോക്കോളും തയ്യാറാക്കും. എല്ലാ ജില്ലകളിലും ഹൈ ഡിപ്പെൻഡൻസി യൂണിറ്റുകളും തീവ്രപരിചരണ വിഭാഗങ്ങളും ഉറപ്പാക്കും.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ പ്രസവാനന്തര പരിചരണത്തിന് ഏകീകൃത മാനദണ്ഡങ്ങൾ നിലവിൽ വരും.മാതൃമരണമുണ്ടായാൽ നാലു മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കും. അഞ്ചു ദിവസത്തിനുള്ളിൽ ജില്ലാതല അവലോകനം പൂർത്തിയാക്കണം. മരണകാരണങ്ങളും ചികിത്സാവീഴ്ചകളും പ്രതിരോധിക്കാമായിരുന്ന സാഹചര്യങ്ങളും വിശദമായി പരിശോധിക്കും.ഇതിനായി 'കോൺഫിഡൻഷ്യൽ റിവ്യൂ ഓഫ് മെറ്റേണൽ ഡെത്ത്സ്' സംവിധാനം കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയുമായി സഹകരിച്ച് നടപ്പാക്കാനാണ് തീരുമാനം.അതേസമയം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ പട്ടികവർഗ മേഖലകളിൽ മാതൃ-ശിശു മരണങ്ങൾ കുറയ്ക്കാൻ പ്രത്യേക ഇടപെടലുകളും നടത്തും. അതിഥിത്തൊഴിലാളി കുടുംബങ്ങളിലെ ഗർഭിണികൾക്കും കുട്ടികൾക്കും ആരോഗ്യപരിചരണം ഉറപ്പാക്കാൻ ബോധവൽക്കരണവും ആരോഗ്യപരിശോധനയും സംഘടിപ്പിക്കും.