സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട് ക്ഷീരകർഷകൻ

സുൽത്താൻ ബത്തേരിക്കടുത്തുള്ള പഴേരി സ്വദേശി ശശിക്കാണ് (55) കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്
farmer injured in wild elephant attack in wayanad

സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട് ക്ഷീരകർഷകൻ

representative image- Ai

Updated on

വയനാട്: സുൽത്താൻ ബത്തേരിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ക്ഷീരകർഷകന് പരുക്കേറ്റു. സുൽത്താൻ ബത്തേരിക്കടുത്തുള്ള പഴേരി സ്വദേശി ശശിക്കാണ് (55) കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്.

വനംവകുപ്പ് ഉദ‍്യോഗസ്ഥർ പറയുന്നത് അനുസരിച്ച് ശശി ഡയറിയിലേക്ക് ഒരു കൂട്ടം ആളുകൾക്കൊപ്പം കുടയും പിടിച്ച് നടന്നു പോകുകയായിരുന്നു.

ഇതിനിടെ പിന്നിൽ നിന്നും വന്ന് കാട്ടാന ആക്രമിച്ചെന്നാണ് വിവരം. ആക്രമണത്തെത്തുടർന്ന് ശശി റോഡരികിലെ കുഴിയിലേക്ക് വീണു. തുടർന്ന് ആന കൊമ്പുകൾ ഉപയോഗിച്ച് കുത്തി കൊല്ലാൻ ശ്രമിച്ചെങ്കിലും ഒരു നായ അതുവഴി എത്തിയതോടെ ആനയുടെ ശ്രദ്ധ തിരിഞ്ഞു.

ഇതിനിടെ ആനയ്ക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഇടുങ്ങിയ പാലത്തിലേക്ക് ശശി എത്തി. തുടർന്ന് പ്രദേശവാസികൾ സ്ഥലത്തെത്തി സുൽത്താൻ ബത്തേരിയിലെ സർക്കാർ ആശുപത്രിയിലേക്ക് ശശിയെ മാറ്റുകയായിരുന്നു.

ശശിയുടെ ആരോഗ‍്യനില തൃപ്തികരമാണെന്ന് വനം വകുപ്പ് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വന‍്യമൃഗങ്ങളുടെ സാന്നിധ‍്യം പതിവായി കാണുന്ന പ്രദേശത്താണ് ആക്രമണം നടന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.

logo
Metro Vaartha
www.metrovaartha.com