

രഞ്ജിത്ത്
കൊച്ചി: കാരവാനിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന യുവ നടിയുടെ പരാതിയിൽ അറസ്റ്റിലായതിനു പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരേ നടപടിക്കൊരുങ്ങി നിർമാതാക്കളുടെ സംഘടനയായ ഫെഫ്ക.
ഡയറക്റ്റേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ‍്യക്തമാക്കി.
ഇരു യൂണിയനുകളിലെയും ജനറൽ സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 14 ദിവസത്തേക്ക് രഞ്ജിത്തിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്ന കാലഘട്ടത്തിൽ ബംഗാളി നടിയും രഞ്ജിത്തിനെതിരേ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു.
15 വർഷങ്ങൾക്കു മുന്നേ പാലേരി മാണിക്ക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി വെളിപ്പെടുത്തിയിരുന്നത്. ഇതു കൂടാതെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ഒരു യുവാവ് പരാതി നൽകിയിരുന്നു.