

തിയെറ്ററുകൾ അടച്ചിടും, ഷൂട്ടിങ് നിർത്തി വയ്ക്കും; സൂചനാ പണിമുടക്കുമായി സിനിമാ സംഘടനകൾ
കൊച്ചി: വിനോദ നികുതി ഒഴിവാക്കണം എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിനിമാ സംഘടനകൾ ജനുവരി 21ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. 21ന് ഷൂട്ടിങ് നിർത്തി വയ്ക്കുമെന്നും തിയെറ്ററുകൾ അടച്ചിടുമെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. അമ്മ,ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ജിഎസ്ടിക്കു പുറമേ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് സംഘടനകളുടെ ആരോപണം. സിനിമാ മേഖലയിലുള്ളവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കേൾക്കാൻ സർക്കാർ തയാറാകുന്നില്ല.
സിനിമാ കോൺക്ലേവ് കണ്ണിൽ പൊടിയിടാനായാണ് സംഘടിപ്പിച്ചതെന്നും സംഘടനകൾ ആരോപിച്ചു. സൂചനാ പണിമുടക്കിനു ശേഷവും സർക്കാർ ഇതേ നയം തുടരുകയാണെങ്കിൽ തുടർസമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സംഘടനകൾ വ്യക്തമാക്കി.