

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ഗൾഫ് സർവീസ് നിർത്തി വിമാന കമ്പനികൾ
കൊച്ചി: ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നുള്ള 10 വിമാനങ്ങൾ റദ്ദാക്കി. ഒക്‌ടോബർ 11,12,13, തിയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് സിയാൽ അധികൃതർ അറിയിച്ചു. റിയാദ്, ദോഹ, ജിദ്ദ, റാസൽഖൈമ എന്നിവടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
ഞായറാഴ്ചത്തെ ആറ് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഫ്ലൈനാസ്: എക്സ്‍വൈ 399/400 – കൊച്ചി–റിയാദ്–കൊച്ചി, എയർ ഇന്ത്യ എക്സ്പ്രസ്: ഐഎക്സ് 476 – ദോഹ–കൊച്ചി, എയർ ഇന്ത്യ എക്സ്പ്രസ്: ഐഎക്സ് 475 – കൊച്ചി–ദോഹ, ആകാശ എയർ: ക്യുപി 523 – കൊച്ചി–റിയാദ്, ആകാശ എയർ: ക്യുപി 550 – കൊച്ചി–ജിദ്ദ, ഇൻഡിഗോ: 6ഇ 1517 – കൊച്ചി–റാസൽഖൈമ എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.
തിങ്കളാഴ്ച സർവീസ് നടത്തേണ്ട ആകാശ എയറിന്‍റെ മൂന്ന് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള ക്യുപി 551 , റിയാദിലേക്കുള്ള ക്യുപി 524, ക്യുപി 523 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ ഒക്‌ടോബർ 13ന് സർവീസ് നടത്തേണ്ടിയിരുന്ന ആകാശ എയർ: ക്യുപി 524 – റിയാദ്–കൊച്ചി വിമാനവും സർവീസ് നടത്തില്ല. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് സിയാൽ അധികൃതർ പറഞ്ഞു.