

കാട്ടാനക്കൂട്ടത്തെ തുരത്താൻ ഇറങ്ങിയ വനപാലകർ.
കോതമംഗലം: ഊന്നുകൽ - നേര്യമംഗലം റോഡിൽ പെരിയാർ നദി നീന്തികടന്ന് എത്തുന്ന കാട്ടാനക്കൂട്ടങ്ങളെ തുരത്താൻ വനപാലക സംഘം എത്തി. കോതമംഗലം റേഞ്ചിലെ വനപാലകരും വനം വകുപ്പ് ആർആർറ്റി അംഗങ്ങളും അടങ്ങുന്ന സംഘമാണ് തോക്കുകളും സന്നാഹങ്ങളുമായി എത്തിയത്.
തട്ടേക്കാട് പക്ഷി സങ്കേതം വനമേഖല, നേര്യമംഗലം വനമേഖല എന്നിവിടങ്ങളിൽ നിന്ന് ഊന്നുകൽ, ആവോലിച്ചാൽ, നമ്പൂരി കൂപ്പ്, ഉപ്പുകുളം എന്നിവിടങ്ങളിൽ കാട്ടാനകൂട്ടം എത്തുന്നുണ്ട്. ഈ ജനവാസ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം രാത്രിയും പകലും സ്ഥിരമായതോടെ നാട്ടുകാർ ഭീതിയിലാണ്.
നാട്ടുകാരുടെ സ്ഥിരം പരാതിയെ തുടർന്നാണ് വനംവകുപ്പ് എത്തിയത്. ഇതോടെ കാട്ടാന ശല്യത്തിന് താത്കാലിക പരിഹാരമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും.