

പ്രജീഷ് എസ്. നായർ
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായരെ സസ്പെൻഡ് ചെയ്തു. ബസിൽ വച്ച് യുവതിയോട് അപമര‍്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം സ്പെഷ‍്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ജോലി ചെയ്തുവരുകയാണ് ഇയാൾ. രണ്ടാഴ്ചയ്ക്ക് മുൻപാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. പ്രജീഷ് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ പിൻസീറ്റിലിരുന്ന് ശരീരത്തിൽ സ്പർശിക്കുകയായിരുന്നു.
ഇതിന്‍റെ ദൃശ‍്യങ്ങൾ യുവതി സോഷ‍്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വിഡിയോ വലിയ രീതിയിൽ പ്രചരിച്ചതിനു പിന്നാലെയാണ് എസ്എപി അസിസ്റ്റന്‍റ് കമാൻഡിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്.
പ്രജീഷിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ പെരുമാറ്റ ദൂഷ‍്യമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ നടപടി പൊലീസിന്‍റെ അന്തസിന് നിരക്കാത്തതാണെന്ന അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.