മുൻ കൊച്ചി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിന് ക്രൈംബ്രാഞ്ച് ഐജിയുടെ ചുമതല

പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് രണ്ടാം വിഭാഗം ഐജിയായാണ് പുതിയ നിയമനം
Kaliraj Mahesh

കാളിരാജ് മഹേഷ് 

Updated on: 

തിരുവനന്തപുരം: മുൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു. ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ (എടിഎസ്) ഡിഐജി ചുമതലയും അധികമായി നൽകി. വ്യാഴാഴ്ച സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കി.

ചേരാനല്ലൂരിൽ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ 17 വയസുള്ള മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തെ തുടർന്നാണ് കാളിരാജിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം ആർ. നിശാന്തിനിയെ നിയമിച്ചിരുന്നു.

വിവാദമായ അപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ കാളിരാജ് മഹേഷിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. അപകടം അന്വേഷിക്കാൻ കൊച്ചിയിലെത്തിയ എഡിജിപി പി. വിജയൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നുവെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് കമ്മിഷണറെ സ്ഥലംമാറ്റാൻ ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.

പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് രണ്ടാം വിഭാഗം ഐജിയായാണ് പുതിയ നിയമനം. എടിഎസ് ഡിഐജിയുടെ പൂർണ അധിക ചുമതലയും അദ്ദേഹം വഹിക്കും.