

യൂണിഫോം തുണി വാങ്ങാൻ നൽകിയ 7 ലക്ഷം രൂപ മുക്കി, പൊലീസുകാരനെതിരേ കേസ്
file
തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പൊലീസുകാരനെതിരേ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ. കൃഷ്ണയ്ക്കെതിരേയാണ് കേസെടുത്തത്. പൊലീസ് യൂണിഫോം വാങ്ങിക്കാനെന്ന് പറഞ്ഞ് സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. തുടർന്ന് ഈ പണം ഓൺലൈനായി ചീട്ടുകളിച്ച് കളയുകയായിരുന്നു.
യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്നു ശംഭു. എസ്എപി ബറ്റാലിയനിലെ കെഎപി-3, കെഎപി-5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്നാണ് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും സ്റ്റിച്ചിങ്ങിനുമായി പണം വാങ്ങിയത് എന്നാണ് എഫ്ഐആറിൽ പറയുന്നത്.
എസ്എപിയിലെ ഡ്രൈ കാന്‍റീനിലും വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും പണം അടയ്ക്കാമെന്ന് പറഞ്ഞാണ് 2026 ജൂലൈ 3 മുതൽ 13 വരെ സ്വന്തം ഫോൺ നമ്പറിലേക്ക് പണം വാങ്ങിയത്. യൂണിഫോം കിട്ടാതായതിനെ തുടർന്ന് പണം നൽകിയവർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തിൽ പേരൂർക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.