സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖലയുടെ ആശങ്ക പരിഹരിക്കാൻ റൂട്ട് മാപ്പിങ്

പ്രിയദർശിനി പദ്ധതിയെത്തുടർന്ന് സമാന്തര റൂട്ടുകളിൽ വരുമാനം കുറഞ്ഞ സ്വകാര്യ ബസുകളുടെ പ്രശ്നം പഠിച്ച് പരിഹാരം കണ്ടെത്താൻ റൂട്ട് മാപ്പിങ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
Free KSRTC Travel for Women in Kerala

ഇതു സ്ത്രീപ്രിയം..! യുഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപനത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസി ഓര്‍ഡിനറി ബസുകളില്‍ 'പ്രിയദർശനി സ്ത്രീ സൗജന്യ യാത്ര' എന്ന് തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്സിൽ എഴുതുന്ന പെയിന്‍റർ കിളിമാനൂർ സ്വദേശി വിശാലി.

കെ.ബി. ജയചന്ദ്രൻ

Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഉയർത്തിയ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. സംസ്ഥാനത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സമാന്തരമായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന മേഖലകൾ കണ്ടെത്താൻ റൂട്ട് മാപ്പിങ് നടത്തും.

കഴിഞ്ഞ മാസമാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. പദ്ധതി യാഥാർഥ്യമായതോടെ തങ്ങളുടെ ദിവസേനയുള്ള കളക്ഷൻ വൻതോതിൽ ഇടിഞ്ഞെന്നും പല സർവീസുകളും സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തവിധം പ്രതിസന്ധിയിലായെന്നും സ്വകാര്യ ബസ് ഉടമകൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം.

പ്രിയദർശിനി പദ്ധതി സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകളെയും ഒരുപോലെയല്ല ബാധിച്ചിട്ടുള്ളത്. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എണ്ണായിരത്തോളം സ്വകാര്യ ബസുകളിൽ എല്ലാത്തിനെയും ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല. കാരണം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന പല ഉൾപ്രദേശങ്ങളിലും കെഎസ്ആർടിസി ബസുകളുടെ സാന്നിധ്യമില്ല. എന്നാൽ, ഒരേ റൂട്ടിൽ സമാന്തരമായി സർവീസ് നടത്തുന്ന ഇടങ്ങളിൽ പ്രതിസന്ധിയുണ്ട്. അത്തരം റൂട്ടുകൾ കൃത്യമായി തിരിച്ചറിയാനാണ് റൂട്ട് മാപ്പിങ് നടത്തുന്നത്.

വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തിയതായും റൂട്ട് മാപ്പിങ് പ്രക്രിയയുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com