"എല്ലാവരും പ്രണയിക്കൂ, അപ്പോൾ അസൂയയുണ്ടാകില്ല"; വീട്ടുകാര്യം പുറത്തു പറയേണ്ടതില്ലെന്നും കെ.ബി.ഗണേഷ് കുമാർ

ഭാര്യ 112 ൽ വിളിച്ചു പരാതിപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ വട്ടു മൂത്താൽ ആർക്കും പരാതി പറയാമെന്നും മന്ത്രി പറഞ്ഞു.
ganesh kumar about immoral traffic allegation

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ

Updated on

കൊട്ടാരക്കര: തനിക്കെതിരേയുണ്ടായ ആരോപണങ്ങളിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തെരഞ്ഞെടുപ്പു അടുക്കുമ്പോൾ അലവലാതിത്തരങ്ങൾ വരുമെന്ന് താൻ പ്രതീക്ഷിച്ചതാണെന്നാണ് ഗണേഷ് കുമാർ പറയുന്നത്. ഭാര്യയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ശ്രീലേഖ ഐപിഎസ് അടക്കമുള്ളവർ ഇടപെട്ടിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ രൂക്ഷമായ ഭാഷയിലാണ് ഗണേഷ് കുമാർ പ്രതികരിച്ചത്. ആരാണ് ഈ ശ്രീലേഖ എന്നും മേയർ ആക്കാത്തതു കൊണ്ട് കുശുമ്പു കൊണ്ടു നടക്കുകയല്ലെയെന്നും മന്ത്രി ചോദിച്ചു. അവരങ്ങനെ പറയാൻ കാരണമെന്താണെന്ന് അറിയില്ല, അവർ ബിജെപിയാണ്, ഞാൻ എൽഡിഎഫ്കാരനാണ് എന്നും ഗണേഷ് കുമാർ പറഞ്ഞു.

ഭാര്യ 112 ൽ വിളിച്ചു പരാതിപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ വട്ടു മൂത്താൽ ആർക്കും പരാതി പറയാമെന്നായിരുന്നു മറുപടി. സിനിമയിൽ മാത്രം കണ്ടിരുന്ന താൻ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചപ്പോഴും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെയൊക്കെ ആരോപണങ്ങളായി മാത്രം തള്ളിക്കളയുന്നു.

സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല പൊതുപ്രവർത്തകനാണോ, എംഎൽഎ‍യാണോ , വർഗീയത പ്രചരിപ്പിക്കുന്നുണ്ടോ, അഴിമതി നടത്തുന്നുണ്ടോ.. ഇതൊന്നുമില്ലാത്ത ആളാണ് താൻ, തന്‍റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. വീടിനകത്തുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ല എന്നു കരുതി. പ്രണയം ഒരു കുറ്റമല്ല. ചിലർ പരസ്യമാക്കുന്നു, ചിലർ ഒളിച്ചു വയ്ക്കുന്നു. മഹാത്മാഗാന്ധിയെ പോലും വെറുതേ വിടുന്നില്ല പിന്നെ എന്നെ വെറുതേ വിടുമോ എന്നും ഗണേഷ് കുമാർ ചോദിച്ചു. ഇതൊക്കെ കുശുമ്പാണ്. എല്ലാവരും പ്രണയിക്കൂ,അപ്പോൾ ആർക്കും അസൂയ ഉണ്ടാകില്ല. വീട്ടിനകത്തും ശത്രുവുണ്ടോ എന്ന ചോദ്യത്തിന് എന്നും അങ്ങനെയല്ലേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ‌പത്തനാപുരംകാർക്ക് 25 വർഷമായി തന്നെ അറിയാം. അതു കൊണ്ട് ഇത്തവണയും ജയിക്കും എന്നും ഗണേഷ് കുമാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com