

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം
തിരുവനന്തപുരം: വര്‍ക്കലയില്‍ അക്രമി ട്രെയ്‌നില്‍ നിന്ന് ചവിട്ടി തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിയുമായി കുടുംബം രംഗത്ത്. മികച്ച ചികിത്സ ലഭിക്കാൻ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശനി ആവശ്യപ്പെട്ടു. മകളുടെ ശരീരത്തില്‍ ഇരുപതോളം മുറിവുകളുണ്ട്. അവള്‍ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്. വെന്‍റിലേറ്റർ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ വിഡിയൊ കണ്ടാണ് സംഭവമറിഞ്ഞത്. ഇന്ന് രാവിലെ മാത്രമേ വിദഗ്ധ അഭിപ്രായം പറയാനാകൂ എന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഇതുവരെ ചികിത്സാ രേഖകളൊന്നും കാണിച്ചിട്ടില്ല. സര്‍ക്കാര്‍ ഇടപെടണം. മകളെ ജീവനോടെ തന്നെ വേണമെന്നും അമ്മ പറഞ്ഞു.
തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടിയാണ് (19) ഗുരുതരപരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ആന്തരിക രക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഞായറാഴ്ച രാത്രിയാണ് ആലുവയിൽ നിന്നു തിരുവനന്തപുരത്തേക്കു കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്ത കുട്ടിയോടുള്ള അതിക്രമം.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവനന്തപുരം വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ് കുമാര്‍ (50) കുറ്റം സമ്മതിച്ചു. വാതിലില്‍ നിന്ന് കുട്ടി മാറിയില്ലെന്നും അതിന്‍റെ ദേഷ്യത്തിലാണ് ചവിട്ടിയത് എന്നുമാണ് സുരേഷ് കുമാറിന്‍റെ മൊഴി. പിന്നില്‍ നിന്നാണ് ചവിട്ടിയത്. പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്നും മദ്യലഹരിയിലായിരുന്നു എന്നും പ്രതി സമ്മതിച്ചു.