മുഖ്യമന്ത്രിയുടെ വിരുന്നിൽ നിന്ന് പിന്മാറി ഗവർണർമാർ

കേരള ഗവർണറെ കൂടാതെ, മലയാളികളായ പശ്ചിമ ബംഗാൾ, ഗോവ ഗവർണർമാരെയും ഡിന്നറിനു ക്ഷണിച്ചിരുന്നു.
Governors decline dinner invite by the Chief Minister Pinarayi Vijayan
CM Pinarayi Vijayan

File image

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള, ബംഗാൾ, ഗോവ ഗവർണർമാരെ വിരുന്നിന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, വിരുന്നിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മൂന്ന് ഗവർണർമാരും അറിയിച്ചു. ബിജെപിയുമായുള്ള ബാന്ധവം തെരഞ്ഞെടുപ്പിന് മുന്‍പ് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം.

അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ പ്രതിയായ മാസപ്പടി കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കുകയും, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റു പലരും വിവിധകേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ തുടരുകയും ചെയ്യുന്ന ഘട്ടത്തിൽ വിരുന്നിൽ പങ്കെടുക്കുന്നത് വിവാദമാകുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റമെന്നാണ് പുറത്ത് വരുന്ന വിവരം.

കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, മലയാളികളായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിളള, പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവരെയായിരുന്നു മുഖ്യമന്ത്രി വിരുന്നിന് ക്ഷണിച്ചത്. ഞായറാഴ്ച വൈകിട്ട് ക്ലിഫ് ഹൗസിലായിരുന്നു വിരുന്ന് നിശ്ചയിച്ചത്. ആഴ്ചകൾക്കു മുൻപ് രാജ്ഭവനിൽ കുടുംബസമേതം എത്തിയായിരുന്നു മുഖ്യമന്ത്രി കേരള ഗവർണറെ വിരുന്നിലേക്ക് ക്ഷണിച്ചത്. മറ്റു രണ്ടു പേരെയും നേരിട്ടു തന്നെ ക്ഷണിച്ചു. ക്ഷണം ലഭിച്ചപ്പോൾ പങ്കെടുക്കാമെന്ന മറുപടിയായിരുന്നു മൂന്ന് ഗവർണർമാരും മുഖ്യമന്ത്രിക്ക് നൽകിയത്. എന്നാൽ, പിന്നീട് പങ്കെടുക്കില്ലെന്ന അറിയിപ്പ് എത്തുകയായിരുന്നു.

പ്രത്യേക കാരണമൊന്നുമില്ലാതെ സംഘടിപ്പിക്കുന്ന വിരുന്നിൽ പങ്കെടുക്കുന്നത് അനാവശ്യ ചർച്ചകൾക്കും ഒത്തുതീർപ്പിനാണെന്ന വ്യാഖ്യാനങ്ങൾക്കും ഇടവരുത്തുമെന്ന വിലയിരുത്തലാണ് ഗവർണർമാരുടെ ഭാഗത്ത് നിന്നുണ്ടായത്. മൂന്നു ഗവർണർമാരും പദവിയിലെത്തുന്നത് അടുത്തകാലത്തല്ല എന്നതിനാൽ, അക്കാര്യം ചൂണ്ടിക്കാണിച്ചും വിരുന്നിനെ ന്യായീകരിക്കാനാകില്ല.

നേരത്തേ ഡൽഹിയിൽ ഗവർണറെ കൂടി പങ്കെടുപ്പിച്ചു കൊണ്ടു മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി നടത്തിയ ബ്രേക്ക് ഫാസ്റ്റ് മീറ്റിങും വിവാദമായി തുടങ്ങിയ ഘടകങ്ങളും പിന്മാറ്റത്തിന് കാരണമായി. കേരള ഗവർണറാണ് പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ആദ്യം മുഖ്യമന്ത്രിയെ അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ട് ചികിത്സയിലാണെന്നാണ് സി.വി. ആനന്ദബോസ് അറിയിച്ചത്. പിന്നാലെ പി.എസ്. ശ്രീധരൻ പിള്ളയും അസൗകര്യം അറിയിക്കുകയായിരുന്നു.

കേരള ഗവർണർക്കും മലയാളികളായ മറ്റു രണ്ടു ഗവർണർമാർക്കും വിരുന്ന് നൽകാൻ താത്പര്യപ്പെടുന്നു എന്നായിരുന്നു വിരുന്ന് ഒരുക്കിയത് സംബന്ധിച്ച് സർക്കാർ വൃത്തങ്ങൾ നൽകിയ വിശദീകരണം.

അതിനിടെ മൂന്ന് ഗവർണർമാരെ മുഖ്യമന്ത്രി വിരുന്നിന് ക്ഷണിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നതോടെ, വിരുന്നിന് ക്ഷണിച്ചിട്ടേയില്ലെന്ന വിശദീകരണവുമായി ഗോവ രാജ് ഭവൻ രംഗത്തെത്തി. ജനാധിപത്യത്തിൽ ശത്രുക്കളില്ല, രാഷ്ട്രീയ എതിരാളികൾ മാത്രമാണുള്ളതെന്നും വാർത്താക്കുറിപ്പിൽ ഗോവ രാജ്ഭവൻ വിശദീകരിച്ചു.

ബിജെപി ബാന്ധവം ശക്തമാക്കാൻ ശ്രമം: വി.ഡി. സതീശൻ

ഡല്‍ഹിയില്‍ നിര്‍മല സീതാരാമന് ബ്രേക്ക് ഫാസ്റ്റ് നല്‍കിയതിനു പിന്നാലെയാണ് ഇപ്പോള്‍ ഡിന്നര്‍ പരിപാടി പ്ലാന്‍ ചെയ്തതെന്ന് പ്രതിക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മേയ് ആദ്യവാരം ഡല്‍ഹിയില്‍ ഉച്ചയൂണ് കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ബ്രേക്ക് ഫാസ്റ്റ് - ലഞ്ച് - ഡിന്നര്‍ പരിപാടികള്‍ സംഘടിപ്പിച്ച് ബിജെപിയുമായുള്ള ബാന്ധവം ശക്തമാക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും സതീശൻ പറഞ്ഞു.

ക്ഷണം അന്തർധാര ശക്തമാക്കാൻ: ചെന്നിത്തല

കേരളത്തിലെയും പശ്ചിമബംഗാൾ, ഗോവ ഗവർണർമാരെയും അസാധാരണ വിരുന്നിനു വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര ശക്തമാക്കാനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മകൾ ഉൾപ്പെട്ട അഴിമതിക്കേസിലും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടക്കുന്ന സിബിഐ അന്വേഷണത്തിനും തനിക്കെതിരേ ഉയരുന്ന വിവാദങ്ങൾക്കും തടയിടാനും ബിജെപിയുമായി സന്ധിയുണ്ടാക്കി തുടർഭരണത്തിനു സാധ്യത തേടാനുമാണ് മൂന്ന് ബിജെപി ഗവർണർമാരെ മുഖ്യമന്ത്രി നേരിട്ടു വിരുന്നിനു ക്ഷണിച്ചത്.

കഴിഞ്ഞ കുറേ നാളായി ബിജെപിയുമായി സിപിഎം അനുവർത്തിച്ചു പോരുന്ന അന്തർധാര ശക്തമാക്കാൻ മുഖ്യമന്ത്രി നടത്തിയ വിരുന്നുസൽക്കാര നയതന്ത്രമാണ് പാളി പാളീസായതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ഏതെങ്കിലും തരത്തിലുള്ള ദേശീയ- സംസ്ഥാന വിജയാഘോഷങ്ങളിലും പ്രത്യക നേട്ടങ്ങളിലുമാണ് ഇത്തരം വിരുന്ന് സൽക്കാരത്തിനു മുഖ്യമന്ത്രി മുൻകൈ എടുക്കുന്നത്. എന്നാൽ ഇത്തരമൊരു അസാധാരണ വിരുന്നിനുള്ള ഒരു സാഹചര്യവും സംസ്ഥാനത്തു നിലവിലില്ല. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കെയാണ് ഡിന്നർനയതന്ത്രത്തിലൂടെ കേന്ദ്ര സർക്കാരിലേക്ക് ഒരു പാലം നിർമിക്കുന്നതിനു ഗവർണർമാരെ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നു സംശയിച്ചാൽ തെറ്റില്ല.

നേരത്തേ, ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇതുപോലൊരു വിരുന്ന് നൽകിയിരുന്നു. അന്നത്തെ ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് ഒത്ത് തീർപ്പിന്‍റെ ഭാഗമാണെന്ന ആക്ഷേപം ഉയർന്നിരുന്നതാണ്. അതേ ഒത്തുതീർപ്പ് രാഷ്ട്രീയം തന്നെയാണ് ഇന്നൊരുക്കിയ വിരുന്നിലും തെളിഞ്ഞു കാണുന്നത്.മുഖ്യമന്ത്രി കുടുംബ സമേതം ആഴ്ചകൾക്ക് മുമ്പ് രാജ്ഭവനിൽ നേരിട്ടെത്തിയായിരുന്നു രാജേന്ദ്ര ആർലേക്കറെ ഡിന്നറിന് ക്ഷണിച്ചത്. പിന്നീട് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെയും ബംഗാൾ ഗവർണർ സി.വി ആനന്ദബോസിനെയും മുഖ്യമന്ത്രി നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഇക്കാര്യം രഹസ്യമായി വച്ച സർക്കാർ എന്തിനാണ് ഇത്തരമൊരു വിരുന്നെന്ന് മാധ്യമങ്ങളെപ്പോലും അറിയിച്ചിരുന്നില്ല. ഒരു കാരണവുമില്ലാതെ മുഖ്യമന്ത്രി വിളിച്ച ഡിന്നർപാർട്ടിയിൽ നിന്നു ഗവർണർമാർ പിന്മാറിയിരിക്കയാണ്. അതുവഴി കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അപമാനിതനായത്. നാണംകെട്ടും ഭരണത്തിൽ കടിച്ചുതൂങ്ങി, ബിജെപിയുടെ സഹായത്തോടെ മൂന്നാമതും അധികാരത്തിലെത്താനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com