ജനിച്ചതിനു പിന്നാലെ വലിച്ചെറിഞ്ഞു, മുലപ്പാൽ പോലും കൊടുക്കുന്നില്ല; 19 കാരി പ്രസവിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

തനിക്ക് ഈ കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണ് യുവതി
haripad newborn abandonment case cwc custody

ജനിച്ചതിനു പിന്നാലെ വലിച്ചെറിഞ്ഞു, മുലപ്പാൽ പോലും കൊടുക്കുന്നില്ല; 19 കാരി പ്രസവിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

Representative image
Updated on

ഹരിപ്പാട്: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച 19 കാരി കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിനെ തിങ്കളാഴ്ച ചൈൽ‌ഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുക്കും. കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണ് യുവതി. കുഞ്ഞിന് പാലു കൊടുക്കാനും യുവതി തയാറായിട്ടില്ല.

വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള യുവതിയും കുഞ്ഞും തിങ്കളാഴ്ച ഡിസ്ച്ചാർജ് ആവും. ഇതോടെ തിങ്കളാഴ്ച സിഡബ്ല്യുസി കുഞ്ഞിനെ ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതിക്ക് കൈമാറും. തുടർന്ന്, ആലപ്പുഴയിലെ ശിശുവിഹാറിലേക്കു മാറ്റും.

രണ്ടുമാസം വരെ കുട്ടിയെ അവിടെ പരിപാലിക്കാം. ആ സമയത്തിനുള്ളിൽ അമ്മയ്ക്കു മനംമാറ്റമുണ്ടായാൽ കുഞ്ഞിനെ വിട്ടു നൽകും. താത്പര്യമില്ലെങ്കിൽ പിന്നീട് മറ്റു നടപടികളിലേക്ക് കടക്കും. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും തീരുമാനം.

അതേസമയം, കുഞ്ഞിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ 19 കാരിക്കെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രി വിട്ട ശേഷം ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. യുവതിക്ക് കൗൺസിലിങ്ങ് നൽകുന്നുണ്ട്.

ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് അവിവാഹിതയായ യുവതി ശൗചാലയത്തിൽ പ്രസവിച്ചത്. വയറുവേദനയ്ക്ക് ചികിത്സതേടിയാണ് ബന്ധുക്കൾക്കൊപ്പം ഇവർ ആശുപത്രിയിലെത്തിയത്. തുടർന്ന് ശൗചാലയത്തിൽ പ്രസവിക്കുകയായിരുന്നു. കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com