
ബിൽജിത്തിന്‍റെ ഹൃദയം ആവണിയിൽ മിടിച്ചു
കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിന്‍റെ ഹൃദയം കൊല്ലം അഞ്ചൽ സ്വദേശിയായ പതിമൂന്നുകാരി ആവണിയിൽ മിടിച്ചുതുടങ്ങി. എറണാകുളം ലിസി ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ പൂർത്തിയാക്കിയ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ഡോക്റ്റർമാരുടെ നിരീക്ഷണത്തിലാണ് ആവണി. ശസ്ത്രക്രിയയ്ക്കായി എയർ ആംബുലൻസ് ലഭ്യമാകാത്തതിനെത്തുടർന്ന് ആവണിയെ വന്ദേഭാരത് എക്സ്പ്രസിൽ കൊച്ചിയിലേക്ക് എത്തിച്ചത് മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു.
പത്തു വയസുള്ളപ്പോഴാണ് ആവണിക്ക് ഹൃദയം ചുരുങ്ങുന്ന കാർഡിയാക് മയോപ്പതി എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചത്. മത്സ്യവ്യാപാരിയായ അച്ഛന് താങ്ങാനാകുന്നതായിരുന്നില്ല ചികിത്സാച്ചെലവ്. നാട്ടുകാരുടെ സഹായത്തോടെ മുന്നോട്ടുപോകുന്നതിനിടെയാണ് വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്തിന്‍റെ ഹൃദയം കുട്ടിയുടെ രക്തഗ്രൂപ്പുമായി യോജിക്കുന്ന വിവരം ആശുപത്രിയിൽ നിന്നറിയിച്ചത്.
മണിക്കൂറുകൾ നീണ്ട പരിശോധനകള്‍ക്കൊടുവിൽ ഹൃദയം ഏറ്റുവാങ്ങാന്‍ പെൺകുട്ടിയുടെ ശരീരം സജ്ജമെന്ന് ഉറപ്പാക്കിയതോടെ ഡോക്റ്റർമാരുടെ സംഘം അങ്കമാലിയിലേക്ക്. ബിൽജിത്തിന്‍റെ ശരീരത്തിലും അവസാനവട്ട പരിശോധനകൾ.
രാത്രി 12.45ഓടെ ബിൽജിത്തിന്‍റെ ഹൃദയവുമായി കൊച്ചിയിലേക്ക്. 1.25 ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. 3.30ന് ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ബിൽജിത്തിന്‍റെ ഹൃദയം 13കാരിയിൽ മിടിച്ചു തുടങ്ങിയപ്പോൾ വൃക്കകളും കണ്ണുകളും കരളും ചെറുകുടലും മറ്റ് ആറു പേർക്കു പുതിയ ജീവിതത്തിലേക്ക് വഴി തുറന്നു.