മഴ തുടരും, ജാഗ്രതയോടെ കേരളം

ചൊവ്വാഴ്ചയും സംസ്ഥാനത്തെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.‌
heavy rain alert in kerala today updates
സംസ്ഥാനത്ത് ശക്തമായ മഴ തുടരും
Updated on

തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ചൊവ്വാഴ്ചയും സംസ്ഥാനത്തെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.‌

അതേസമയം, മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നിന്ന് പ്രളജയലം ക്രമേണ ഇറങ്ങിത്തുടങ്ങി. എന്നാൽ, കുറ്റൂർ - തിരുവല്ല റൂട്ടിൽ വെള്ളക്കെട്ടിൽപ്പെട്ട് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്.

സംസ്ഥാനത്തെ പത്ത് ജില്ലകളിൽ അതത് ജില്ലാ കലക്റ്റർമാർ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളെജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയാണ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പിഎസ്‌സി ഓഗസ്റ്റ് 4, 5, 10 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയും 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റുമാണ് ചൊവ്വാഴ്ച പ്രവചിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള റോഡുകളിൽ വെള്ളം കയറിയിട്ടുള്ളതിനാൽ ഗതാഗതക്കുരുക്കിനും സാധ്യത. പുഴയോരങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുന്നു.

മഴക്കെടുതിയിൽ മൂന്ന് ദിവസം കൊണ്ട് ഇരുപതു പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്. കാണാതായ ഏഴു പേർക്കായി തെരച്ചിൽ തുടരുന്നു. മരിണസംഖ്യ കൂടുതൽ കോട്ടയത്തും മലപ്പുറത്തും- നാല് പേർ വീതം.

logo
Metro Vaartha
www.metrovaartha.com