

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
AI Image
തിരുവനന്തപുരം: നനഞ്ഞു കുതിർന്ന് ഉത്രാടപ്പാച്ചിൽ. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മൂന്നു മണിക്കൂർ സമയത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ് എറണാകുളം, തൃശൂർജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓണാഘോഷത്തിനുള്ള അവസാന വട്ട തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് മഴ ശക്തമാകുന്നത്.
തിരുവോണത്തിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.