

കനത്ത മഴ: സ്കൂളുകൾക്ക് അവധി
വയനാട്: ജില്ലയില്‍ ശക്തമായ മഴ തുടരുകയും റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഓഗസ്റ്റ് 5 (ബുധനാഴ്ച) വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണ്.
താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും, അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവൂ എന്നും കലക്റ്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.