തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ വിവരിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകും. ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു തീരുമാനം. എന്നാൽ, പ്രമുഖ നടി രഞ്ജിനി തടസവാദവുമായി സര്‍ക്കാറിനെയും ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചതോടെ രഞ്ജിനിയുടെ ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കും വരെ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് സാംസ്കാരിക വകുപ്പ്. അതേസമയം സർക്കാർ നിലപാട് തേടി സംസ്ഥാന വിവരാവകാശ കമ്മീഷനും സാംസ്കാരിക വകുപ്പിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
റിപ്പോർട്ട് പുറത്തു വിടണമെന്നത് ചില വ്യക്തികളുടെ താത്പര്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ നോക്കുന്നത്. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്ത് വിടേണ്ടത്. സർക്കാരിനോ സാംസ്കാരിക വകുപ്പിനോ റോളില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോടതി പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്ത് വിടുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾ ചൂഷണത്തിനിരയായ വിവരം റിപ്പോർട്ടിലുണ്ടങ്കിൽ നിയമനടപടി സ്വീകരിക്കും. താൻ റിപ്പോർട്ട് കണ്ടിട്ടില്ല. സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതു തന്നെയാണ്. റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് സർക്കാരിന്‍റെ നിലപാടെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമാണ് ഹേമ കമ്മിറ്റിയെ നിയമിച്ചത്. 2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്‍റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനിടെയാണ് റിപ്പോർട്ടിനെതിരേ സിനിമ മേഖലയിൽ നിന്നു തന്നെ എതിർപ്പുകൾ ഉയരുന്നത്.