"ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങിയാൽ വിദേശത്തുപോകണം"; കോടതിയിലുള്ളവർ ബുദ്ധിയില്ലാത്തവരല്ലെന്ന് ഹൈക്കോടതി

ഷാർജയിൽ ഒരു ജ്വല്ലറി ഗ്രൂപ്പിന്‍റെ ഓപ്പറേഷൻസ് മാനേജരാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
high court against tomin j thachankary

ടോമിൻ തച്ചങ്കരി

Updated on: 

കൊച്ചി: വിദേശത്ത് ജോലിക്ക് പോകുന്നതിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹർജി നൽകിയ മുൻ‌ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമർശനം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞ ആളാണ് ടോമിൻ തച്ചങ്കരി. അങ്ങനെയൊരാൾക്ക് ജയിലിൽ നിന്നും ഇറങ്ങിയ ഉടനെ ജോലിക്ക് പോകാൻ സാധിക്കുമെന്ന് പറയുന്നതിൽ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഈ നിരീക്ഷണം നടത്തിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷത്തെ തടവിന് ശിക്ഷിച്ച തച്ചങ്കരിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വിദേശത്ത് പോകരുത് എന്നായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥ. എന്നാൽ താൻ ഷാർജയിൽ ഒരു ജ്വല്ലറി ഗ്രൂപ്പിന്‍റെ ഓപ്പറേഷൻസ് മാനേജരാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ഒരാൾക്ക് എങ്ങനെയാണ് വിദേശത്തുപോയി ജോലി ചെയ്യാൻ കഴിയുക എന്നാണ് കോടതി നിരീക്ഷിച്ചത്. തച്ചങ്കരി ജയിലിൽ കഴിഞ്ഞ കാലയളവിൽ എത്ര ദിവസം സെല്ലിലും എത്ര ദിവസം ആശുപത്രിയിൽ കഴിഞ്ഞു എന്നത് വ്യക്തമാക്കി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതിയ ആവശ്യപ്പെട്ടു. എന്തിനാണ് ചികിത്സ തേടിയതെന്നും എന്താണ് അസുഖമെന്നും വ്യക്തമാക്കാനും പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കാണുമ്പോൾ കോടതിയിലുള്ളവർക്ക് ബുദ്ധിയില്ലെന്ന് ജനങ്ങൾ സംശയിക്കുമെന്നും കോടതിയിലുള്ളവർ ബുദ്ധിയുള്ളവരാണെന്നും ബദറുദ്ദീൻ വ്യക്തമാക്കി.

സെപ്റ്റംബർ 17നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ നാലുവർഷം കഠിന തടവിനു വിധിച്ചത്. 30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് മുൻ ഡിജിപി അഴിമതിക്കേസിൽ ജയിലിലായത്.