

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്‍റെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജി. ഗിരീഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസിൽ സിബിഐ നൽകിയ റിപ്പോർട്ട് കോടതി തള്ളി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തു വച്ചുണ്ടായ കാർ അപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്. ഭാര്യ ലക്ഷ്മി ഗുരുതരമായ പരുക്കുകളോടെ രക്ഷപെട്ടു. ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. മകന്‍റെ മരണത്തിൽ തൃപ്തികരമായ രീതിയിൽ അന്വേഷണം നടന്നിട്ടില്ലെന്നാണ് പിതാവ് ഉണ്ണിയുടെ ആരോപണം.
അപകട സമയത്ത് ബാലഭാസ്കറിന്‍റെ വാഹനം ഓടിച്ചിരുന്ന അർജുൻ വിവിധ കേസുകളിൽ പ്രതിയായിരുന്നു. പിന്നീട് പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലും അർജുൻ പിടിക്കപ്പെട്ടിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നെങ്കിലും സ്വാധീനങ്ങൾക്ക് വഴങ്ങി കേസ് അവസാനിപ്പിച്ചുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. മരണത്തിൽ യാതൊരു വിധ അട്ടിമറിയും ഇല്ലെന്നും ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടമുണ്ടാക്കിയതെന്നുമാണ് സിബിഐ കണ്ടെത്തിയത്.