കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പൊലീസ് അന്വേഷണത്തിലുണ്ടായ വീഴ്ചകൾ പരിശോധിച്ച് രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടു. 2017 മാർച്ച് അഞ്ചിനാണ് പിറവം സ്വദേശിയായ മിഷേലിനെ കാണാതായത്. പിറ്റേന്ന് കൊച്ചി കായലിൽ നിന്ന് മൃതദേഹം കണ്ടെത്തി. കാണാതായ ദിവസം തന്ന പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം നടത്താൻ തയാറായില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു.
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതിനു ശേഷവും അന്വേഷണം ശരിയായ ദിശയിലല്ലെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ഉത്തരവ്. മിഷേലിന്‍റെ ഫോൺ റെക്കോഡുകൾ പരിശോധിച്ചതിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പിറവം സ്വദേശി ക്രോണിൻ അലക്സാണ്ടറിനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തിരുന്നു.
ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ കലൂർ പള്ളിയിലെത്തി പ്രാർഥിച്ചതിനു ശേഷം ഗോശ്രീ പാലത്തിലൂടെ നടന്നു പോയി കായലിൽ ചാടി ജീവനൊടുക്കിയെ്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. എന്നാൽ മിഷേൽ ഗോശ്രീ രണ്ടാം പാലത്തിൽ നിന്ന് ചാടിയതാണെന്നതിന് വ്യക്തമായ തെളിവുകളില്ല. സാക്ഷി പറഞ്ഞ ഇടം വച്ചാണ് കായലിൽ പരിശോധന നടത്തിയത്. മിഷേലിന്‍റെ ബാഗോ ചെരിപ്പോ വാച്ചോ ഒന്നും കണ്ടെത്തിയിട്ടില്ല. ഗോശ്രീം ഒന്നാം പാലത്തിനടുത്തേക്ക് പരിശോധന വ്യാപിപ്പിച്ചിരുന്നുമില്ല.
ഉപ്പുവെള്ളം മൂലമാണ് ദേഹം ജീർണിക്കാതിരുന്നതെന്ന കണ്ടെത്തലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മൃതദേഹം കണ്ടെടുത്ത പ്രദേശത്തെ വെള്ളം മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടത്തിൽ മിഷേലിന്‍റെ വയറ്റിൽ നിന്ന് ദഹിക്കാത്ത കാരറ്റ് കണ്ടെത്തിയിരുന്നു. മിഷേൽ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. മറ്റാർക്കെങ്കിലും ഒപ്പം പുറത്തു നിന്ന് ഭക്ഷണം കഴിച്ചിരുന്നോ എന്നതിൽ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഇതിൽ അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്. മിഷേൽ മരിക്കുന്ന ദിവസം ക്രോണിക് അലക്സ് 60 സന്ദേശങ്ങളാണ് മിഷേലിന് അയച്ചത്. മിഷേൽ മരിച്ചുവെന്ന് അറിഞ്ഞതോടെ ഇവയെല്ലാം നീക്കം ചെയ്തു. ഇവ തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ക്രോണിക്കിന്‍റെ ഫോണിൽ ഉണ്ടായിരുന്ന മെസേജ് കണ്ടെടുത്തിട്ടുണ്ട്.ഇരുവരുടെയും ബന്ധം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. സന്ദേശങ്ങളും കോൾ റെക്കോഡും പരിശോധിച്ചതിൽ നിന്ന് ഇരുവരുടെയും ബന്ധം വഷളായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.