

അൾട്രാവയലറ്റ് കിരണങ്ങളെ സൂക്ഷിക്കുക; കോന്നിയിലും മൂന്നാറിലും അതീവ ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനൊപ്പം അൾട്രാവയലറ്റ്(യുവി) തരംഗങ്ങളുടെ സൂചിക ഉയരുന്നു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് രണ്ടിടത്താണ്. കോന്നി(പത്തനംതിട്ട), മൂന്നാർ(ഇടുക്കി) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദേശത്തിന്‍റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
ഇത് പ്രകാരം ജനങ്ങൾ ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതല്‍ പത്തുവരെയാണ് ഓറഞ്ച് അലര്‍ട്ടിന്‍റെ പരിധിയില്‍ വരുന്നത്. കൊട്ടാരക്കര(കൊല്ലം), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശേരി(കോട്ടയം), കളമശ്ശേരി(എറണാകുളം), ഒല്ലൂർ(തൃശ്ശൂർ), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), ബേപ്പൂർ(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.
സൂര്യരശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.
അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നുള്ള നിരവധി നിർദ്ദേശങ്ങളുണ്ട്.