
കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത; കോഴിക്കോടും കണ്ണൂരും എറണാകുളത്തും മുന്നറിയിപ്പ്
തിരുവനന്തപുരം: കോഴിക്കോടും കണ്ണൂരും ഉയർന്ന തിരമാല അഥവാ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുള്ളതായി സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കോഴിക്കോട് ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ വെള്ളിയാഴ്ച രാത്രി 08.30 മുതൽ ശനിയാഴ്ച രാത്രി 08.30 വരെ 2.1 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കാണ് സാധ്യത. കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെ വെള്ളിയാഴ്ച വൈകിട്ട് 05.30 മുതൽ ശനിയാഴ്ച രാത്രി 08.30 വരെ 2.2 മുതൽ 3.2 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി വെള്ളി രാത്രി 11.30 വരെ എറണാകുളം മുനമ്പം എഫ്എച്ച് മുതൽ മുറവക്കാട് വരെയും, കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെയും, കോഴിക്കോട് ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെയും 0.8 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടായേക്കാം.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാനും നിർദേശമുണ്ട്.