ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയത്തിൽ 1000 രൂപയുടെ വർധന

ആകെ 26,125 ആശാ വര്‍ക്കര്‍മാർക്ക് വർധനയുടെ ആനുകൂല്യം ലഭിക്കും.
Representative image
Representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. 2023 ഡിസംബര്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 6,000 രൂപ വരെ വര്‍ധിപ്പിച്ചത്.

14 ജില്ലകളിലായി നിലവില്‍ 21,371 പേര്‍ ഗ്രാമ പ്രദേശങ്ങളിലും 4,205 പേര്‍ നഗര പ്രദേശങ്ങളിലും 549 പേര്‍ ട്രൈബല്‍ മേഖലയിലുമായി ആകെ 26,125 ആശാ വര്‍ക്കര്‍മാർക്ക് വർധനയുടെ ആനുകൂല്യം ലഭിക്കും.

ഓണറേറിയത്തിന് പുറമേ വിവിധ പദ്ധതികളില്‍ നിന്നുള്ള ഇന്‍സെന്‍റീവുകളും ഇവർക്കു ലഭിക്കും. 2,000 രൂപ വീതമാണു പ്രതിമാസ ഇന്‍സെന്‍റീവ്. ഓരോ ആശാപ്രവര്‍ത്തകയും ചെയ്യുന്ന സേവനമനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 1,500 രൂപ മുതല്‍ 3,000 രൂപ വരെ മറ്റ് ഇന്‍സെന്‍റീവുകളും ഇതിനു പുറമേ ലഭിക്കും.

2022 ഏപ്രില്‍ മുതല്‍ ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കി വരുന്നുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവും ഓണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശ സോഫ്റ്റ്‌വെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്കാണ് തുക നല്‍കി വരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com