

സിയാദ്
കൊല്ലം: കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്. കുണ്ടറ സ്വദേശി സിയാദിന്‍റെ മരണം പൊലീസ് മർദനത്തെത്തുടർന്നാണെന്ന കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് റിപ്പോർട്ട് തേടിയത്.
ഒന്നര മാസം മുൻപ് 13 വയസുകാരനെ കാണാനില്ലെന്ന പരാതിയിലാണ് അയൽവാസിയായ നിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസിന്‍റെ മർദനത്തിൽ ഗുരുതര പരുക്കേറ്റ സിയാദ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് സിയാദ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ വാഹനത്തിൽ വച്ച് മർദിച്ചതായി സിയാദ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.
സ്റ്റേഷനിലെ സിപിഒയ്ക്കെതിരേയാണ് ആരോപണം. എന്നാൽ സിയാദിന്‍റെ മരണകാരണം ഹൃദയത്തിലെ അണുബാധയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.