ജനപ്രതിനിധിയായിരുന്ന വ‍്യക്തിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തത്; മുൻ എംഎൽഎയുടെ കൊലവിളി പ്രസംഗത്തിനെതിരേ ആഭ‍്യന്തര മന്ത്രി

പ്രസംഗം വിശകലനം ചെയ്ത ശേഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ‍്യക്തമാക്കിയിട്ടുണ്ട്
Home Minister speaks out against former MLA’s speech inciting murder

രമേശ് ചെന്നിത്തല, ടി.ഐ. മധുസൂദനൻ

Updated on: 

തിരുവനന്തപുരം: ധനരാജ് വധക്കേസിൽ വിധി വന്നതിനു പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവും മുൻ പയ്യന്നൂർ എംഎൽഎയുമായ ടി.ഐ. മധുസൂദനനെതിരേ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല.

നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളെ ന‍്യായീകരിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുന്ന നടപടികൾ പൊലീസോ സർക്കാരോ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയായിരുന്ന വ‍്യക്തിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണുണ്ടായതെന്നും ആഭ‍്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

പ്രസംഗം വിശകലനം ചെയ്ത ശേഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ‍്യക്തമാക്കിയിട്ടുണ്ട്. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനൻ കൊലവിളി പ്രസംഗം നടത്തിയത്. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിനു പാർട്ടിക്ക് മടിയില്ലെന്നും സമൂഹമാധ‍്യമങ്ങളിലൂടെ പാർട്ടിയെ അധിക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നുമായിരുന്നു പ്രസ്താവന. ചീമേനിയിൽ 5 പേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്നും മുൻ എംഎൽഎ പറഞ്ഞിരുന്നു.