

തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞ (ഫയൽ ചിത്രം)
തിരുവനന്തപുരം: കോർപ്പറേഷനിലെ സംഘർഷത്തിനിടെ ബിജെപിയുടെ വനിതാ കൗൺസിലർമാരുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചുവെന്ന ആരോപണവുമായി മേയർ വി.വി. രാജേഷ്. ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. യോഗത്തിലെ അജൻഡ ചർച്ച ചെയ്ത ശേഷം മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് പ്രതിപക്ഷത്തോട് പറഞ്ഞിരുന്നു. അതിനിടെ യുഡിഎഫ് കൗൺസിലർമാർ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ആരോപണം. വനിതാ കൗൺസിലർമാരുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു. ക്യാമറയിൽ ചൂട് പതിയില്ലല്ലോ. അതു കൊണ്ട് ഇക്കാര്യം നിഷേധിക്കാനും സാധ്യതയുണ്ടെന്നും വി.വി. രാജേഷ് ആരോപിച്ചു.
യുഡിഎഫ് കൗൺസിലർമാർ അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അതു തടയാനാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ ഇടപെട്ടതെന്നും മേയർ പറഞ്ഞു.
ബിജെപി കൗൺസിലർ ആർ. സുഗതൻ രണ്ട് കൗൺസിലിൽ ഒപ്പിട്ടിട്ടില്ലെന്നാണ് യുഡിഎഫ് ആരോപിച്ചിരുന്നത്. അത് ശരിയല്ലെന്ന് തെളിഞ്ഞു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന സുഗതന്‍റെ പേരിൽ നടപടി സ്വീകരിക്കുന്നത് മേയറുടെ അധികാര പരിധിക്കു പുറത്തുള്ളതാണെന്നും മേയർ കൂട്ടിച്ചേർത്തു.