
ജോസ് ഫ്രാങ്ക്ളിൻ
തിരുവനന്തപുരം: നെയ്യാറ്റിൻ കരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്ന് കെപിസിസി വ്യക്തമാക്കി. ജോസ് ഫ്രാങ്ക്ളിൻ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്ന് വീട്ടമ്മ ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാകുറിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് കെപിസിസി നടപടി സ്വീകരിച്ചിരിക്കുന്നത്.
രണ്ടു കുറിപ്പുകളാണ് മരണ സമയത്ത് മക്കൾക്കായി വീട്ടമ്മ എഴുതി വച്ചത്. മകന് എഴുതിയ കുറിപ്പിലാണ് താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചു പറയുന്നത്.
മോനേ ഞാൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞാണ് വീട്ടമ്മ കുറിപ്പ് എഴുതിയത്. ജോസ് ഫ്രാങ്ക്ളിൻ തന്നെ ജീവിക്കാൻ അനുവദിക്കില്ല. കടം തീർക്കാൻ ഒരു സബ്സിഡിയറി ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് വീട്ടമ്മ ബില്ലുകൾ കൊടുക്കാൻ ഓഫിസിൽ പോയത്. അവിടെ വച്ച് തന്നെ ഇഷ്ടമാണെന്നും വിളിക്കുമ്പോളെല്ലാം വരണമെന്നും ആവശ്യപ്പെട്ട് സ്പർശിച്ചു. അയാൾ ജീവിക്കാൻ സമ്മതിക്കില്ല. ഇങ്ങനെ ജീവിക്കാൻ വയ്യ എന്നാണ് കുറിപ്പിലുള്ളത്.