

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: ഉദ്യോഗസ്ഥർ അന്വേഷണത്തിന്‍റെ ഭാഗമായി ഉപയോക്താവിനോട് വാഹനം ഏർപ്പാടാക്കാൻ ആവശ്യപ്പെടുന്നത് കുറ്റകരമാണ് എന്ന് രേഖപ്പെടുത്തിയ ബോർഡ് എല്ലാ പഞ്ചായത്തുകളിലും ഒരു മാസത്തിനകം സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്റ്റർക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദേശം നൽകിയത്.
പഞ്ചായത്ത് ഉദ്യോഗസ്ഥർ അന്വേഷണത്തിന്‍റെ ഭാഗമായി വാഹനം ഏർപ്പാടാക്കാൻ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. പഞ്ചായത്ത് ഉദ്യോഗസ്ഥർ അന്വേഷണത്തിന്‍റെ ഭാഗമായി ഉപഭോക്താവിനോട് വാഹനം ഏർപ്പാടാക്കാൻ പറയരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർമാർക്ക് നിർദേശം നൽകിയതായി പ്രിൻസിപ്പൽ ഡയറക്റ്റർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
എന്നാൽ വാഹനം ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കെ.ജി. രവീന്ദ്രനാഥ് കമ്മീഷനെ അറിയിച്ചു. ബോർഡ് സ്ഥാപിച്ചിട്ടില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ പ്രദർശിപ്പിക്കാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി.