വിഎസ് ഇനി ജ്വലിക്കുന്ന ഓർമ
കടലിരമ്പങ്ങളിൽ കാലം മറഞ്ഞു...
ആലപ്പുഴ: ആയിരങ്ങളെ സാക്ഷിയാക്കി ചെങ്കൊടി പുതച്ച് അനശ്വരതയിൽ ലയിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ തോരാ മഴയിലും നിറഞ്ഞു നിന്ന മുദ്രാവാക്യങ്ങളെയും തടിച്ചു കൂടിയ അണികളെയും സാക്ഷിയാക്കി മകൻ അരുൺ കുമാർ വിഎസിന്‍റെ ചിതയ്ക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ വലിയ ചുടുകാട്ടിൽ വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി എത്തിയിരുന്നു. പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിലും, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഒരുക്കിയിരുന്നു.
ജനക്കൂട്ടം ഒഴുകിയെത്തിയതിനാൽ സംസ്കാരം നീളുകയാണ്. പൊതുദർശനം അവസാനിപ്പിച്ച് പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം മൃതദേഹം വലിയ ചുടുകാട്ടിലേക്ക് കൊണ്ടു പോയി. നൂറു കണക്കിന് പേരാണ് വിലാപയാത്രയിൽ പങ്കാളികളായത്.
മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ സംസ്കാരത്തിന് സാക്ഷിയാകുന്നതിനായി വലിയ ചുടുകാട്ടിൽ എത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ വലിയ സുരക്ഷയാണ് പൊലീസ് ഉറപ്പാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ചുടുകാട്ടിലേക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്.