

ലൈംഗികാതിക്രമവും പീഡനവും നേരിട്ട 93 അതിജീവിതമാർക്ക് സർക്കാർ സഹായധനം വിതരണം ചെയ്തു
മുട്ടം: ഇടുക്കിയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതമാർക്ക് സർക്കാർ സഹായധനം അനുവദിച്ചു. 5.21 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിൽ 4.81 ലക്ഷം രൂപ 93 പേർക്കായി വിതരണം ചെയ്തു. 2023, 2024, 2025 വർഷങ്ങളിൽ അതിക്രമത്തിനിരയായവർക്കാണ് നഷ്ടപരിഹാരം നൽകിയത്.
നാല് അതിജീവിതമാർക്ക് കൂടി സഹായധനം നൽകാനുണ്ട്. ഇടുക്കിയിലെയും മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെയും നാല് കേസുകളിലെ ഇരകളെ കണ്ടെത്താനാകാത്തതിനാലാണ് അവർക്കുള്ള നഷ്ടപരിഹാരം നൽകാനാകാത്തത്. ഇവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരകൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നില്ല. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി ഉത്തരവുണ്ടായതിനെ തുടർന്നാണ് സഹായധനം വിതരണെ ചെയ്തത്. പോക്സോ കേസിലെ ഇരകൾക്ക് ഇടക്കാല ധനസഹയത്തിനും അന്തിമ നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.
ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് 4 ലക്ഷം രൂപ വരെയും പ്രായപൂര്‌ത്തിയാകാത്ത അതിജീവിതമാർക്ക് 6 ലക്ഷം രൂപവരെയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. ജില്ലാതല നിയമസഹായ അതോറിറ്റി കമ്മിറ്റിയുടെ ശുപാർശയിന്മേലാണ് സർക്കാർ സഹായധനം അനുവദിക്കുക.